കാഞ്ഞിരപ്പള്ളി : സ്‌കൂളുകളും, കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരംഭിച്ച കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ ടൗൺ ഹാളിൽ പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കും. 'കൂവപ്പള്ളി അമൽജ്യോതി കോളേജ്, കപ്പാട് ബെനഡിക്ട് ആശ്രമത്തിലെ ഹോസ്റ്റലുമായിരുന്നു കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ അൻപത് പേരെ കിടത്തി ചികിത്സിക്കാവുന്ന ചികിത്സാ കേന്ദ്രം ഒരുക്കുമെന്ന് നോഡൽ ഓഫീസർ വി.സ്വപ്ന അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരെ പാറത്തോട്, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ടൗൺ ഹാളിൽ വൈദ്യുതീകരണം, പെയിന്റിംഗ്, ശുചിയാക്കൽ എന്നീ ജോലികൾ പൂർത്തിയായി വരികയാണ്.