പാലാ : പാലാ വിദ്യാഭ്യാസ ജില്ലയിൽ കർശന സുരക്ഷയോടെയും മുന്നൊരുക്കങ്ങളോടെയും പത്ത്, പ്ലസ്ടു ക്ലാസുകൾ ആരംഭിച്ചു. ആദ്യദിനം 60 ശതമാനത്തോളം വിദ്യാർത്ഥികളാണ് ക്ലാസുകളിലെത്തിയത്. ഒരു ക്ലാസിൽ പരമാവധി 15 കുട്ടികളെയാണ് ഇരുത്തുന്നത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന ക്രമത്തിൽ. കഴിഞ്ഞതവണ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ പാലാ സെന്റ് മേരീസ്, ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളുകളിൽ 15 ലേറെ ക്ലാസുകളിലായാണ് കുട്ടികളെ ആദ്യദിനം പഠനമുറിയിലിരുത്തിയത്. കൂടാതെ എണ്ണം കൂടുതലുള്ള ക്ലാസുകളിൽ രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ബാച്ചുകളിലായും പഠനം നടന്നു. ക്ലാസുകൾ തുറക്കുന്നതിന് മുന്നോടിയായി ഡി.ഇ.ഒയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധനകൾ നടത്തി. ആദ്യഘട്ടത്തിൽ സ്‌കൂളിന് ഏറെ അകലെയല്ലാത്ത കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ഹോസ്റ്റൽ സൗകര്യങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിലുള്ളവർ ഓൺലൈൻ പഠനം തുടരണം. പത്താം ക്ലാസിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തമുണ്ടായെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചത്. പ്ലസ്ടൂ ക്ലാസുകളിൽ ഏറെയും എത്തിയത് സയൻസ് ബാച്ചുകാരാണ്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിൽ കുട്ടികൾ കുറവായിരുന്നു.