പാലാ : കോപ്പി അടിച്ചെന്ന് ആരോപിച്ച് അദ്ധ്യാപകർ പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ജു. പി. ഷാജിയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ഡിവൈ. എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. പാലാ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പാലാ ഡിവൈ.എസ്.പി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘടനാ സെക്രട്ടറി സജു പ. എസ് ,താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന സെക്രട്ടറി അനിത ജനാർദ്ദനൻ ,ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ , ജില്ലാ സെക്രട്ടറി കെ.ഡി.സന്തോഷ് ,ജില്ലാ ട്രഷറർ വിക്രമൻ നായർ തുടങ്ങിയവർ സംസാരിച്ചു. അഞ്ജുവിന്റെ മാതാപിതാക്കളും കുടുംബാഗങ്ങളും മാർച്ചിൽ പങ്കെടുത്തു.