പാലാ : എട്ടുകോടി രൂപ ചെലവിൽ 2018ൽ ബി.എം.ബി.സി ടാറിംഗ് പൂർത്തീകരിച്ച കൊല്ലപ്പള്ളി-അന്ത്യാളം-ചക്കാമ്പുഴ നിരപ്പ് റോഡിന്റെ അനുബന്ധജോലികൾ പൂർത്തീകരിക്കാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിച്ചതായി നാട്ടുകാർ. സയൻസ് സിറ്റി സ്ഥിതി ചെയ്യുന്ന കോഴായിലേയ്ക്ക് ഇടുക്കി ജില്ലയിൽ നിന്നു കുറഞ്ഞ ദൂരത്തിൽ പ്രവേശിക്കാനുള്ള പാത എന്ന ലക്ഷ്യത്തോടെ നബാർഡിന്റെ സഹായത്താൽ പണി പൂർത്തീകരിച്ചെങ്കിലും മലയോരപ്രദേശമായ അന്ത്യാളം മുതൽ ചക്കാമ്പുഴ നിരപ്പു വരെയുള്ള ഭാഗത്ത് പലസ്ഥലത്തും റോഡിന്റെ വശങ്ങൾ അപകടാവസ്ഥയിലാണ്. ടാറിംഗിൽ നിന്നു വാഹനങ്ങൾ വശങ്ങളിൽ ഇറങ്ങിയാൽ വലിയ കുഴിയിൽ പതിക്കുന്ന സ്ഥിതിയാണ്. മലവെള്ളപ്പാച്ചിലിൽ കലുങ്കുകളും റോഡിന്റെ വശങ്ങളും തകർന്നു. സ്‌കൂൾ ബസുൾപ്പെടെ നിരവധി വാഹനങ്ങൾ ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ ഫലമായി 20 ലക്ഷം രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കരാർ ഏൽപ്പിച്ചെങ്കിലും രണ്ടു വർഷമായിട്ടും കരാറുകാരൻ യാതൊരുവിധ നിർമ്മാണപ്രവർത്തനവും ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതു സംബന്ധിച്ച് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.