പാലാ: പാലാ നഗരസഭയിലേക്ക് നാലാം വട്ടവും വിജയിച്ചു കയറിയ അഡ്വ. ബിനു പുളിക്കക്കണ്ടം തലമുണ്ഡനം ചെയ്ത് പളനിയിലും വേളാങ്കണ്ണിയിലും ഇത്തവണയും ദർശനം നടത്തി. സഹോദരൻ ബിജു പുളിക്കക്കണ്ടവും അടുത്ത സുഹൃത്തുക്കളുമായി ഇന്നലെയാണ് ബിനു പഴനി മല ചവിട്ടിയത്. പാലാ നഗരസഭാ തിരഞ്ഞെടുപ്പിലെ നാലാം തവണത്തെ ഉജ്വല വിജയത്തിനു ശേഷവും പതിവ് നേർച്ച ആവർത്തിക്കുകയായിരുന്നു അഡ്വ: ബിനു പുളിക്കക്കണ്ടം. 2005ലെ ആദ്യ തിരഞ്ഞെടുപ്പു മുതൽ വിജയിച്ചാൽ പഴനിയിലും വേളാങ്കണ്ണിയിലുമെത്തി തല മുണ്ഡനം ചെയ്യുന്ന നേർച്ച ബിനുവിനുണ്ടായിരുന്നു. ഇത്തവണ പാലാ നഗരസഭയിലെ തന്നെ റിക്കാർഡ് ഭൂരിപക്ഷവുമായാണ് സി.പി.എം. പ്രതിനിധിയായി ബിനു വിജയശ്രീലാളിതനായത്. രണ്ടു വർഷം കഴിഞ്ഞാൽ ചെയർമാൻ സ്ഥാനവും ലഭിക്കും. പഴനി, വേളാങ്കണ്ണി നേർച്ചയോടൊപ്പം വാർഡിലെ വോട്ടർമാരും സ്‌നേഹിതരുമൊക്കെ നേർന്ന വഴിപാടുകൾക്കായി ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം, മണർകാട് പള്ളി, ഗുരുവായൂർ ക്ഷേത്രം, അരുവിത്തുറ പള്ളി , മുരിക്കും പുഴ ദേവീക്ഷേത്രം കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം എന്നിവയടക്കം വിവിധ ആരാധനാലയങ്ങളിലും ബിനു ഇനി പോകും. ചെയർമാനായി ചുമതലയേൽക്കുന്നതിന്റെ പിറ്റേന്ന് ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ പ്രത്യേകം വഴിപാടുകളും നേർന്നിട്ടുണ്ട്. 'വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതമാണ് എന്റേത്. അതിന് അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ല. വാർഡിലെ പ്രിയപ്പെട്ടവർ എനിക്കായി നേർന്ന നേർച്ചയ്ക്ക് എവിടെയും പോകും' ഇന്ന് രാവിലെ പഴനിയാണ്ടവനെ തൊഴുതിറങ്ങിയ അഡ്വ.ബിനു 'കേരള കൗമുദി ഫ്ലാഷി'നോട് പറഞ്ഞു.