കോട്ടയം: തിരഞ്ഞെടുപ്പിനെ തുടർന്ന് വെള്ളം കുടിമുട്ടി പനച്ചിക്കാട്ടെ പൊതുജനങ്ങൾ. പൊതുമരാമത്ത് വകുപ്പിന്റെ വഴിപ്പണിയാണ് കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടു കോളനികൾ അടക്കം നിരവധി സ്ഥലങ്ങളിലാണ് വെള്ളമില്ലാതെ വലയുന്നത്. ഈ രണ്ട് കോളനികളിൽ മാത്രം അറുപതോളം വീടുകൾ ഉണ്ട്. ഇത് കൂടാതെ ചാന്നാനിക്കാട്, കണിയാന്മല, വായനശാല, പരുത്തുംപാറ, ചോഴിയക്കാട്ടെ ലക്ഷം വീട് കോളനികൾ എന്നിവിടങ്ങളിലാണ് ഇരുപതിലേറെ ദിവസമായി കുടിവെള്ളമില്ലാതെ വലയുന്നത്. തിരഞ്ഞെടുപ്പ് കാലമായിരുന്നതിനാൽ അധികൃതരും കാര്യമായി ഇടപെടുന്നില്ല. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രദേശത്തെ വീടുകളിൽ ആശ്രയമായിരുന്നത് പൈപ്പ് വെള്ളമായിരുന്നു. എന്നാൽ, കഴിഞ്ഞ 20 ദിവസമായി പൈപ്പിലെ തകരാർ മൂലമാണ് വെള്ളം ലഭിക്കാത്തത്. പ്രദേശത്തേക്കുള്ള പൈപ്പ് ലൈനിൽ തകരാർ നേരിടുകയാണ്. ഈ തകരാർ പരിഹരിക്കണമെങ്കിൽ പരുത്തുംപാറ രാജമ്മ കവല വരെയുള്ള പ്രദേശത്ത് റോഡ് വെട്ടിപ്പൊളിച്ച ശേഷം മാത്രമേ തകരാർ പരിഹരിക്കാൻ സാധിക്കൂ. എന്നാൽ, റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് ഇതുവരെയും വാട്ടർ അതോറിറ്റിയ്ക്ക് അനുവാദം നൽകിയിട്ടില്ല.
ഇതോടെയാണ് ഈ പ്രദേശത്തേക്കുള്ള ജലവിതരണം തടസപ്പെട്ടിരിക്കുന്നത്. ജലവിതരണം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചു. എന്നാൽ, രണ്ടു ദിവസം മുൻപ് മാത്രം അധികാരം ഏറ്റെടുത്ത ഭരണസമിതിക്ക് വിഷയത്തിൽ ഇനിയും ഇടപെടാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.