jos

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.‌ഡി.എഫ് കോട്ടയായ കോട്ടയം പിടിച്ചെടുക്കാൻ സഹായിച്ചതിന് പാലായ്ക്ക് പുറമേ സി.പി.ഐയുടെ കൈവശമുള്ള കാഞ്ഞിരപ്പള്ളിയും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകാൻ ഇടതു മുന്നണിയിൽ ധാരണയായെന്ന പ്രചാരണം ശക്തമായി.

കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കില്ലെന്ന നിലപാടിലായിരുന്നു സി.പി.ഐ നേതൃത്വം. സിറ്റിംഗ് എം.എൽ.എ ഡോ.എൻ.ജയരാജനായി മറ്റൊരു സീറ്റില്ലാത്തതിനാൽ കാഞ്ഞിരപ്പള്ളി വേണമെന്ന ആവശ്യത്തിൽ ജോസ് വിഭാഗവും ഉറച്ചു നിൽക്കുകയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തും മൂന്നിൽ രണ്ട് ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും പിടിച്ചെടുക്കാൻ കഴിഞ്ഞത് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയതു കൊണ്ടാണെന്ന തിരിച്ചറിവിലാണ് കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാൻ സി.പി.ഐ നേതൃത്വം ധാരണയിലെത്തിയത്. കോട്ടയത്തോ കൊല്ലത്തോ മറ്റൊരു സീറ്റെന്ന നിലപാടിലേക്ക് സി.പി.ഐ എത്തിയിട്ടുണ്ട്. കോട്ടയം സി.പി.ഐ നേരത്തേ ജയിച്ചിട്ടുള്ള സീറ്റാണ് . പൂഞ്ഞാറും പരിഗണനയിലുള്ളതായറിയുന്നു.

പാലാ സീറ്റ് ഉറപ്പാക്കിയാണ് ജോസ് വിഭാഗം എൽ.ഡി.എഫ് പ്രവേശനം നേടിയത്. കെ.എം മാണിക്കൊപ്പം പ്രവർത്തിച്ച നാരായണകുറുപ്പിന്റെ മകനായ ഡോ.എൻ.ജയരാജ് എൻ.എസ്.എസ് നേതൃത്വത്തിനും താത്പര്യമുള്ള നേതാവാണ്. അതു കൊണ്ട് കാഞ്ഞിരപ്പള്ളിയിൽ ജയരാജിനായി ജോസ് ശക്തിയുക്തം വാദിച്ചിരുന്നു . സി.പി.എം നേതൃത്വം കാനം രാജേന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പകരം സീറ്റ് വാങ്ങി കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കാൻ സി.പി.ഐയിലും അനുരഞ്ജന നീക്കമുണ്ടായത്.

പാലാ സീറ്റിനായി സിറ്റിംഗ് എം.എൽ.എ മാണി സി കാപ്പൻ രംഗത്തുണ്ട്. എന്നാൽ യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചാരണവും പിന്തുണച്ച് പി.ജെ.ജോസഫ് രംഗത്തെത്തിയതും കാപ്പനെ സി.പി.എമ്മിന്റെെ കണ്ണിലെ കരടായി മാറ്റി. കാപ്പൻ നിലപാട് വ്യക്തമാക്കിയാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിപ്പിക്കുന്നത് ചർച്ച ചെയ്യുമെന്ന് ജോസഫ് ഇന്നലെ കോട്ടയത്തും ആവർത്തിച്ചിരുന്നു. പാലാ സീറ്റ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് കാപ്പനെതിരെ ജോസ് പ്രതികരണത്തിന് തയ്യാറാകാത്തത്.