nss-mannam-jayanthi
144ാമത് മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയിലെ സമാധി മണ്ഡപത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പതാക ഉയർത്തിയ ശേഷം പുഷ്പാർച്ചന നടത്തുന്നു

ചങ്ങനാശേരി: 144ാമത് മന്നം ജയന്തി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തുള്ള സമാധി മണ്ഡപത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചരിച്ചു. മുൻ കാലങ്ങളിൽ നടത്തിയിരുന്ന രണ്ടു ദിവസത്തെ ആഘോഷങ്ങൾ ഇക്കുറി ഉണ്ടായില്ല. കരയോഗങ്ങൾ കേന്ദ്രീകരിച്ചും ആചാര്യസ്മരണ പുതുക്കി.
ഇന്നലെ രാവിലെ ഏഴരയ്ക്ക് മന്നം സമാധിയിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചന നടത്തി. വളരെക്കുറച്ച് സമുദായാംഗങ്ങളും അഭ്യുദയകാംക്ഷികളും പുഷ്പാർച്ചനയ്ക്കായി എത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചും കൈകൾ അണുവിമുക്തമാക്കിയുമാണ് പുഷ്പാർച്ചന നടത്തിയത്. തുടർന്ന് മധുരപലഹാരവും വിതരണം ചെയ്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, തോമസ് ചാഴികാടൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി, ആന്റോ ആന്റണി, കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ചെയർമാൻ പി.ജെ.ജോസഫ്, എം.എൽ.എമാരായ കെ.സി.ജോസഫ്, ഡോ.എൻ.ജയരാജ്, മോൻസ് ജോസഫ്, പി.സി.ജോർജ്, വി.എസ്.ശിവകുമാർ, അനൂപ് ജേക്കബ്, കെ.എസ്.ശബരീനാഥൻ, മുൻ എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, കെ.കെ.ഷാജു, എ. ശിവദാസൻനായർ, ജോസഫ് എം.പുതുശ്ശേരി, മാലേത്ത് സരളാദേവി, എ. ശിവദാസൻനായർ, നഗരസഭാദ്ധ്യക്ഷ സന്ധ്യാ മനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ്, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷരായ ജി.രാമൻ നായർ, ഡോ.എസ്.പ്രമീളാദേവി തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് എത്തി.

സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവർത്തിച്ചയാളാണ് മന്നത്ത് പത്മനാഭനെന്നും അദ്ദേഹത്തിന്റെ ആദർശങ്ങളും ദർശനങ്ങളും ഉൾക്കൊണ്ട് അതേ പാതയിലൂടെ നാം ജീവിതത്തിൽ മുന്നേറണമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ സന്ദേശത്തിൽ പറഞ്ഞു.