നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ സ്ഥാന മോഹികളുടെ പട തന്നെ കോട്ടയത്ത് വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് കളി തുടങ്ങിയെങ്കിലും രണ്ടാംനിര നേതാക്കളായി കളത്തിലുള്ളത് "അറുപതു കഴിഞ്ഞ യുവാക്കളാണെന്നാണ്" സീറ്റിനായി ഇടിക്കാൻ ശക്തിയില്ലാതെ പുറത്തു നിൽക്കുന്ന യുവാക്കളുടെ പരിഹാസം.
പ്രമുഖ രാഷ്ടീയ പാർട്ടികൾ യുവ നേതാക്കളെ വളർത്തുന്നില്ലെന്നത് പ്രധാന പരാതിയാണ് . കോൺഗ്രസിൽ ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും പിറകേ രണ്ടാം നിരയിലുള്ള നേതാക്കളെല്ലാം മേക്കപ്പിൽ യുവാക്കളാണെങ്കിലും അറുപതു പിന്നിട്ടവരാണ്. തിരുവനന്തപുരത്ത് കോളേജ് വിദ്യാർത്ഥിനി മേയറായെങ്കിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കോട്ടയത്ത് അങ്ങനെയൊന്ന് കേട്ടു കേഴ് വി മാത്രമാണ്. ജില്ലാ പഞ്ചായത്തിൽ അടക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഭൂരിപക്ഷം സ്ഥാനാർത്ഥികളുടെയും ശരാശരി പ്രായം അൻപതിന് മുകളിലായിരുന്നു. മത്സരിച്ച യുവതി യുവാക്കളിൽ ഭൂരിപക്ഷം പേരും വിജയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ സ്ഥാനാർത്ഥികുപ്പായം തയ്ച്ച് രംഗത്തുള്ളവരിൽ നാൽപ്പതു വയസിൽ താഴെയുള്ള ഒരാൾ പോലുമില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ചാണ്ടി ഉമ്മന്റെ പേരു പുതുപ്പള്ളി ജില്ലാ പഞ്ചായത്തു ഡിവിഷൻ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വം പ്രചരിപ്പിച്ചിരുന്നു.എന്നാൽ അർഹമായ പരിഗണന ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ ആവർത്തനം ഉണ്ടാകുമെന്നാണ് സൂചന. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളിലും ഇപ്പോൾ പ്രചരിക്കുന്ന പേരുകളിൽ യുവാക്കളേ ഇല്ല . എല്ലാവരും സീനിയർ സീറ്റിസൺസ് തന്നെ. കോൺഗ്രസിൽ നിലവിലുള്ളവർ മാറാൻ തയ്യാറാകുന്നില്ലെന്നു മാത്രമല്ല . ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ സീറ്റിനായി മറ്റു സ്ഥലങ്ങളിൽ നിന്ന് കോട്ടയത്തെ സീറ്റുകൾക്കായി ഇറക്കുമതി സ്ഥാനാർത്ഥികളുടെ ഇടിയും തുടങ്ങി. ഇവരും സീനിയർ തന്നെ.
ഒരിക്കൽ എം.എൽ.എയായാൽ ജൂബിലി ആഘോഷിച്ച് റെക്കാഡിടാൻ താത്പര്യം കാട്ടുന്നവരാണ് മിക്ക ജനപ്രതിനിധികളും. അവർ മാറി കൊടുക്കാതെ എങ്ങനെ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും. ? പാർട്ടി നേതൃനിരയിലും യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതിയുണ്ട്.അവിടെയും സീനിയർ സിറ്റിസൺസ് തന്നെ.
ജനപ്രതിനിധികളാകാൻ പക്വത വന്ന യുവാക്കളില്ലെന്നാണ് സീനിയേഴ്സിന്റെ പരാതി. പണ്ട് ആർ.ശങ്കറിന് അറുപതു വയസായതോടെ രാഷ്ടീയം വിടണമെന്ന് മുറവിളി കൂട്ടി രംഗത്തു വന്ന കോൺഗ്രസിലെ അന്നത്തെ യുവനിര പാർട്ടി അധികാര കേന്ദ്രങ്ങളിലെ താക്കോൽ സ്ഥാനത്തെത്തി. എം.പി, എം.എൽ.എ സ്ഥാനങ്ങൾ ലഭിച്ച അന്നത്തെ യുവാക്കൾ ആയിരം സൂര്യചന്ദ്രൻമാരെ കണ്ട് പരസഹായത്തോടെ നടക്കേണ്ട സ്ഥിതിയിലും സ്ഥിരം രാജ്യസഭാ എം.പി മാരും എം.എൽ.എമാരുമായി ഇന്നും തുടരുകയാണ്. അവർ മാറണമെന്ന് ശക്തമായി ആവശ്യപ്പെടാനുള്ള നട്ടെല്ല് യുവാക്കൾക്കില്ല. യുവതുർക്കികളോ തിരുത്തൽ ശക്തികളോ ആകാനുള്ള കഴിവുമില്ല. വെയിലു കൊള്ളാതെ,തേച്ച ഖദർ ഷർട്ട് ഉടയാതെ, വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും ട്വിറ്ററിലും അഭിരമിച്ച് പുട്ടിയിട്ട് മിനുങ്ങി നടക്കുന്ന യുവാക്കൾക്ക് സീനിയേഴ്സിന്റെ ജനപിന്തുണ ഉണ്ടാക്കാനും കഴിയുന്നില്ല എന്നതാണ് ഖേദകരം. !....