പാലാ നഗരസഭാ ചെയർമാന്റെ ആദ്യ നടപടി വിവാദത്തിൽ
പാലാ: സ്വാതന്ത്ര്യ സമര സേനാനി ചെറിയാൻ ജെ. കാപ്പന്റെ സ്മാരകമായ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ കവാടത്തിൽ പൊതുജനങ്ങൾക്കായി മൂത്രപ്പുര തുറന്നു; പാലാ നഗരസഭാ ചെയർമാന്റെ ആദ്യ നടപടി തന്നെ കൗൺസിലർമാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
അഞ്ചു ദിവസം മുമ്പ് അധികാരമേറ്റ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യമായെടുത്ത തീരുമാനമാണിപ്പോൾ വിവാദത്തിന്റെ ദുർഗ്ഗന്ധ കവാടം തുറക്കുന്നത്. വേണ്ടത്ര ആലോചനയില്ലാതെ ഏകപക്ഷീയമായാണ് ചെയർമാൻ ഈ തീരുമാനമെടുത്തതെന്ന് ഭരണപക്ഷത്തുനിന്നു തന്നെ പരസ്യമായ ആക്ഷേപങ്ങൾ ഉയർന്നു കഴിഞ്ഞു.
പാലാ നഗരത്തിൽ 130 ഓളം ടോയ്‌ലറ്റുകൾ ഉണ്ട്. ഇവയിൽ മിക്കതും അറ്റകുറ്റപ്പണികൾ നടത്തിയാൽ നന്നായി ഉപയോഗിക്കാൻ കഴിയും. അതു നടപ്പാക്കാതെ, സ്റ്റേഡിയത്തിലെ മൂത്രപ്പുരകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ ചെയർമാൻ പെട്ടെന്ന് തീരുമാനം എടുത്തതാണ് ഭരണപക്ഷ കൗൺസിലർമാരെ പോലും ചൊടിപ്പിച്ചത്.
കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന് ഇപ്പോൾ രണ്ടു കവാടങ്ങളാണുള്ളത്. ഇതിലെ ഒരു കവാടത്തിന് ചെറിയാൻ ജെ. കാപ്പൻ സ്മാരകമെന്ന് പേരുണ്ട്. ഈ കവാടത്തി്‌ന്റെ ഭിത്തിയിലാണ് 'കംഫർട്ട്‌സ്റ്റേഷൻ ' എന്ന ബോർഡും സ്ഥാപിച്ചിട്ടുള്ളത്. ഇത്
സ്വാതന്ത്ര്യ സമര സേനാനിയെ അപമാനിക്കലാണെന്നാണ് ആക്ഷേപം
രാവിലെയും വൈകിട്ടുമുള്ള 'വി.ഐ.പി." നടപ്പുകാർക്കും മുൻകൂർ അനുവാദമുള്ള കായികതാരങ്ങൾക്കും മാത്രമേ ഇന്നലെ വരെ സ്റ്റേഡിയം തുറന്നു കൊടുത്തിരുന്നുള്ളൂ. എന്നാൽ മൂത്രപ്പുരയുടെ ഉപയോഗത്തിനായി ചെറിയാൻ ജെ. കാപ്പൻ മെമ്മോറിയൽ ഗെയിറ്റ് തുറന്നതോടെ സ്റ്റേഡിയത്തിന്റെ സുരക്ഷ ആശങ്കാജനകമാണെന്ന വാദവുമായി മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്.
''സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.പിയുമായിരുന്ന ചെറിയാൻ ജെ. കാപ്പന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ കവാടം മൂത്രപ്പുരയിലേക്കുള്ള വഴിയായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് ഒരിക്കലും അംഗീകരിക്കാനാവില്ല. സ്വാതന്ത്ര്യസമരസേനാനിയോടുള്ള കടുത്ത അനാദരവാണിത്. നഗരസഭാ കൗൺസിൽ യോഗം പോലും ചേരാതെ ചെയർമാൻ ഏകപക്ഷീയമായി ഇങ്ങനെയൊരു തീരുമാനം പൊടുന്നനെ എടുത്തത് ദുരൂഹമാണ്. എത്രയും വേഗം ഈ തീരുമാനം പിൻവലിച്ചേ മതിയാവൂ. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരും.''
അഡ്വ. ബിനു പുളിക്കക്കണ്ടം,
സി.പി.എം. കൗൺസിലർ
മൂത്രപ്പുര തുറന്നത് പൊതുജനങ്ങൾക്കു വേണ്ടി: ആന്റോ
പാലാ: കൗൺസിൽ മുമ്പാകെ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയത്തിലെ മൂത്രപ്പുരകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകിയതെന്ന് മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
സ്റ്റേഡിയം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥമാണ് ഇത് തുറന്നു കൊടുത്തത്. നഗരത്തിലെ മറ്റു മൂത്രപ്പുരകളും ഉടൻ നന്നാക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ മൂത്രപ്പുരകൾ തുറക്കുന്നതിനുള്ള തീരുമാനം എടുത്തത് താൻ ഒറ്റയ്ക്കല്ല. ഭരണപക്ഷ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി എന്നിവരുടെ കൂടി സാന്നിദ്ധ്യത്തിലാണ് തീരുമാനം എടുത്തതെന്നും ആന്റോ ജോസ് വിശദീകരിച്ചു.