കട്ടപ്പന: റെഡിമെയ്ഡ് യൂണിറ്റ് കെട്ടിട ഉടമ കൈവശപ്പെടുത്തി മെഷീനുകൾ ഉൾപ്പെടെ കടത്തിയതായി പരാതി. വാഗമൺ പ്ലാമൂട് പ്ലാമൂട്ടിൽ മാത്യു ജോൺ, മകൻ പീറ്റർ ജോൺ എന്നിവരാണ് സ്വയംതൊഴിൽ സ്ഥാപന യൂണിറ്റ് തിരികെ കിട്ടുന്നതിനായി കട്ടപ്പന കോടതിയെ സമീപിച്ചിരിക്കുന്നത്. ഉപ്പുതറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഉപ്പുതറ പാലം ജംഗ്ഷനിലെ കെട്ടിടം മാത്യുവും പീറ്ററും ചേർന്ന് വാടകയ്‌ക്കെടുത്തിരുന്നു. 40,000 രൂപ കെട്ടിട ഉടമയ്ക്ക് മുൻകൂറായി നൽകുകയും രണ്ടുലക്ഷത്തിലധികം രൂപ ചെലവഴിച്ച് പ്രവർത്തനയോഗ്യമാക്കുകയും ചെയ്തു. പി.എം.ജി.പി പദ്ധതിയിൽ നിന്ന് ലഭിച്ച വായ്പ ഉൾപ്പെടെ 13.5 ലക്ഷം രൂപ ചെലവഴിച്ച് മെഷീനുകളും സ്ഥാപിച്ചു. 2019 നവംബറിൽ തയ്യൽ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനു മുന്നോടിയായുള്ള പരിശീലന ക്ലാസിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോൾ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് മറ്റൊരു താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് തുറന്നു പരിശോധിച്ചപ്പോൾ പതിനയ്യായിരം രൂപ വില വരുന്ന മെഷീനുകൾ മോഷണം പോയതായി കണ്ടെത്തി. സ്ഥാപനം അനധികൃതമായി കൈവശപ്പെടുത്തിയത് കെട്ടിട ഉടമയും മോഷണം നടത്തിയത് ഇയാളുടെ സഹായിയുമാണെന്ന് മാത്യുവും പീറ്ററും ആരോപിച്ചു. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. മെഷീനുകളും സാധനങ്ങളും ഉപയോഗരഹിതമായി. നിരവധി തവണ ഉപ്പുതറ പൊലീസ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഇവർ പറഞ്ഞു.