cinema

കോട്ടയം: നാളെ മുതൽ തുറക്കാമെന്ന പ്രതീക്ഷയിൽ ജില്ലയിലെ തിയേറ്ററുകളും. ചെറുതും വലുതുമായ 26 തീയറ്ററുകളാണ് ജില്ലയിൽ പ്രദർശനത്തിന് സജ്ജമായിരിക്കുന്നത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് ആദ്യമാണ് തിയേറ്ററുകൾ അടച്ചത്. ഇതോ‌ടെ രണ്ടായിരത്തോളം തൊഴിലാളികൾ പ്രതിസന്ധിയിലായി. പലരും മറ്റു പല തൊഴിലുകളും തേടി പോകാൻ നിർബന്ധിതരായി.

ലോക്ക് ഡൗൺ കാലത്തും അതിന് ശേഷവും പ്രേക്ഷകരില്ലെങ്കിലും ആഴ്‌ചയിൽ മൂന്നു ദിവസം തിയേറ്ററുകൾ പ്രവർത്തിപ്പിച്ചിരുന്നു. പ്രോജക്‌ടറിനു തകരാറുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. ചുരുക്കം ചില ജീവനക്കാരെ ഇതിനായി നിയോഗിച്ചു.

കോട്ടയം നഗരത്തിലെ തീയറ്ററുകളിൽ പകുതി മാത്രമേ ആദ്യ ഘട്ടത്തിൽ തുറക്കൂവെന്ന് ഉടമകൾ അറിയിച്ചു. പ്രേക്ഷകർ എത്തുമോ എന്നു നോക്കിയ ശേഷമായിരിക്കും ബാക്കിയുള്ളവയുടെ കാര്യത്തിൽ തീരുമാനമെടുക.

പ്രതിസന്ധികളൊന്നുമില്ല

തിയേറ്ററുകൾ തുറക്കുന്നതിന് നിലവിൽ പ്രശ്നങ്ങളില്ല. ജീവനക്കാർ ആവശ്യത്തിലധികമുണ്ട്. സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി പേർക്കാവും പ്രവേശനം.

ജോൺ, മാനേജർ, ആനന്ദ് തീയറ്റർ