liquer

കോട്ടയം: ക്രിസ്‌മസ് ദിനത്തിൽ ജില്ല കുടിച്ചത് 13.61 ലക്ഷം രൂപയുടെ മദ്യം. പുതുവത്സരത്തിനാവട്ടെ ഒൻപത് ലക്ഷം രൂപയുടേതും . മുൻ വർഷങ്ങളിലെ കച്ചവടത്തിന്റെ അടുത്തെങ്ങും എത്തിയില്ലെങ്കിലും മദ്യ വിൽപ്പന ലോക്ക് ഡൗണിനു ശേഷം വർദ്ധിച്ചത് കോർപ്പറേഷന് ആശ്വാസം നൽകുന്നു.

ക്രിസ്‌മസിനു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് സംസ്ഥാനത്തെ ബാറുകൾ തുറന്നത്. ബാറുകളിൽ മദ്യപിക്കുന്നതിന് ബെവ്‌ക്യൂ ആപ്പ് ആവശ്യമില്ലെങ്കിലും ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും മദ്യം വാങ്ങുന്നത് ഇപ്പോഴും ആപ്പ് വഴിയാണ്. ബാറുകൾ തുറന്ന ആദ്യ ദിവസം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലെ മദ്യ വിൽപ്പന ഏഴു ലക്ഷം രൂപയിലേയ്‌ക്ക് എത്തിയിരുന്നു. നേരത്തെ ശരാശരി മൂന്നു ലക്ഷം രൂപയുടെ കച്ചവടമാണ് ദിവസവും നടന്നിരുന്നത്.

ലോക്ക് ഡൗണിനു മുൻപ് ശരാശരി 27 മുതൽ 30 ലക്ഷം രൂപയുടെ വരെ കച്ചവടം കോർപ്പറേഷനിലുണ്ടായിരുന്നു. ലോക്ക് ഡൗണോടെ കുറഞ്ഞു. ബെവ് ക്യൂ ആപ്പ് കൂടി എത്തിയതോടെ മദ്യ വിൽപ്പന ശരാശരിയിലും താഴെയായി. ക്രിസ്‌മസ് കച്ചവടത്തോടെയാണ് ഇപ്പോൾ മദ്യവിൽപ്പനയിൽ വർദ്ധിച്ചത്. ജില്ലയിൽ 36 മദ്യശാലകളാണ് ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡിനുമായി ഉള്ളത്. ക്രിസ്‌മസിനും - പുതുവർഷത്തിനും ബാറുകളിൽ നടന്ന മദ്യ വിൽപ്പനയുടെ കണക്ക് കൂടാതെയാണ് ബിവറേജസ് കോർപ്പറേഷനിലെ കണക്ക് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ആപ്പ് ഒഴിവാക്കിയേക്കും

ബിവറേജസ് കോർപ്പറേഷനിലെ മദ്യ വിൽപ്പന ശരാശരിയിലും താഴെ പോയ സാഹചര്യത്തിൽ അടുത്ത ആഴ്‌ച ബെവ്ക്യു ആപ്പ് പിൻവലിച്ചേക്കും. മലബാർ മേഖലയിൽ ആപ്പില്ലാതെ മദ്യം വിൽപ്പന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആപ്പില്ലെങ്കിലും അതത് ബിവറേജസുകളിലെ മാനേജർമാർക്ക് തിരക്കിന് അനുസരിച്ചു മദ്യം വിൽക്കാമെന്ന വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ജില്ലയിലെ ഷോപ്പുകളിൽ പലതും ആപ്പ് ഒഴിവാക്കാൻ തയ്യാറായിട്ടില്ല.