ncp

കോട്ടയം: എൻ.സി.പി സംസ്ഥാന ഘടകത്തിനൊപ്പം ജില്ലാ ഘടകത്തിലും ഭിന്നത രൂക്ഷം. മാണി സി.കാപ്പൻ യു.ഡി.എഫിലേയ്ക്ക് പോയാൽ ഒപ്പം പോകാൻ ജില്ലാ പ്രസിഡന്റടക്കമുള്ളവർ തയ്യാറാകുമ്പോൾ മറുവിഭാഗം കടുത്ത എതിർപ്പിലാണ്. എ.കെ.ശശീന്ദ്രനൊപ്പം ഉറച്ചു നിൽക്കാനാണ് ഇവരുടെ തീരുമാനം.

ഉഴവൂർ വിജയന്റെ മരണത്തോടെ തുടങ്ങിയതാണ് ജില്ലയിൽ എൻ.സി.പിയുടെ ശനിദശ. ശശീന്ദ്ര പക്ഷക്കാരൻ ടി.വി . ബേബിയെ മാറ്റി കാപ്പന്റെ വലംകൈയായ സാജു എം.ഫിലിപ്പിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചപ്പോൾ തർക്കം പൊട്ടിത്തെറിയുടെ വക്കിലെത്തി. ഇതിനിടെയാണ് മുന്നണിമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ച‌ർച്ചയാകുന്നത്. മുന്നണി വിടേണ്ടി വന്നാൽ കേന്ദ്ര നേതൃത്വത്തിനൊപ്പമായിരിക്കുമെന്ന് സാജു എം. ഫിലിപ്പ് പറയുന്നു. എന്നാൽ മുന്നണി മാറാനില്ലെന്ന് മറുവിഭാഗവും പറയുന്നു.

പരമാവധി നേതാക്കളെ ഒപ്പം നിറുത്താൻ ഇരുവിഭാഗവും ശ്രമം തുടങ്ങിയിട്ടുണ്ട്. തദ്ദേശ തിര‌ഞ്ഞെടുപ്പിൽ മുന്നണിയിൽ നിന്ന് കടുത്ത അവഗണനയുണ്ടായെന്നാണ് കാപ്പനെ അനുകൂലിക്കുന്നവരുടെ നിലപാട്. 2010ൽ 26 സീറ്റിൽ മത്സരിച്ചെങ്കിൽ ഇക്കുറിയത് ഏഴ് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജില്ലാ പഞ്ചായത്തിലേയ്ക്ക് ഒറ്റസീറ്റും നൽകിയില്ല. 58 സീറ്റ് ചോദിച്ചപ്പോൾ ഉഴവൂർ വിജയന്റെ നാട്ടിൽപ്പോലും സീറ്റ് നൽകാതെ അവഗണിച്ചെന്ന വികാരവും കാപ്പനെ അനുകൂലിക്കുന്നവർ പങ്കുവയ്ക്കുന്നു. യു.ഡി.എഫിലേയ്ക്ക് പോയാൽ പാലാ മാത്രമല്ല,​ കാഞ്ഞിരപ്പള്ളിയും കിട്ടുമെന്നാണ് ഇവരുടെ അവകാശ വാദം.
എന്നാൽ, സീറ്റ് കിട്ടാതിരുന്നത് നേതൃത്വത്തിന്റെ കഴിവ് കേടാണെന്നാണ് ശശീന്ദ്രൻ അനുകൂലികൾ പങ്കുവയ്ക്കുന്നത്. നേതൃത്വത്തിന്റെ പിടിപ്പുകേട് ബാധിച്ചു. ജയം ഉറപ്പായിരുന്ന സീറ്റുകൾ പോലും മാണി സി. കാപ്പൻ യു.ഡി.എഫിലേക്കെന്ന പ്രചാരണം മൂലം നഷ്ടമായെന്നും ഇവർ പറയുന്നു. ജോസ് കെ.മാണി മുന്നണിയിലേയ്ക്ക് വന്നപ്പോൾ പാലാ സീറ്റുമായി ബന്ധപ്പെട്ട് കാപ്പന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്ന വികാരമാണ് ശശീന്ദ്രൻ അനുകൂലികൾക്ക്. പാലാ സംബന്ധിച്ച് ജോസ് കെ.മാണി പക്വതയോടെ സംസാരിച്ചപ്പോഴും കാപ്പന്റെ വിടുവായത്തരം മുന്നണിയിൽ പാർട്ടിയുടെ വിശ്വാസതയ്ക്ക് ദോഷമായി. പാലാ സീറ്റ് നൽകില്ലെന്ന് സി.പി.എമ്മോ, എൽ.ഡി.എഫോ ഇതുവരെ പറഞ്ഞിട്ടില്ല, ചർച്ചകളും ആരംഭിച്ചിട്ടില്ല. പിന്നെ എന്തിനു വിവാദമുണ്ടാക്കുന്നുവെന്നും ഇവർ ചോദിക്കുന്നു.
ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ എൽ.ഡി.എഫിൽ തുടരുന്നതിനെ അനുകൂലിക്കുകയാണ്. ബോർഡ്, കോർപ്പറേഷൻ പദവികൾ വഹിക്കുന്നവരും ശശീന്ദ്രനൊപ്പമാണ്.