comfert

പാലാ: ചെറിയാൻ ജെ. കാപ്പൻ സ്മാരകത്തിൽ കംഫർട്ട് സ്റ്റേഷന്റെ ബോർഡ് തൂക്കിയ സംഭവം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന് അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിൽ മേലിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നഗരഭരണത്തിൽ പാർട്ടി പിടിമുറുക്കുന്നു. ഇക്കാര്യത്തിൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയ്ക്ക് ആവേശം കൂടിപ്പോയെന്ന് പാർട്ടിയുടെ പ്രാദേശിക നേതൃത്വം വിലയിരുത്തി.

' നഗരസഭാ ചെയർമാനുള്ള എല്ലാ അവകാശ അംഗീകാരങ്ങളും അനുവദിച്ചു കൊടുക്കും. എന്നാൽ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് പാർട്ടിയുടെ അംഗീകാരം തേടിയേ തീരൂ. ഇടതു മുന്നണി കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടിയിലും അത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് യോജിച്ച തീരുമാനം എടുക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് എത്രയും വേഗം പ്രയോജനം കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് മാത്രമാണ് ചെയർമാൻ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്മാരകത്തിൽ ബോർഡ് സ്ഥാപിച്ചു എന്നൊരു പോരായ്മ മാത്രമേ ഉണ്ടായിട്ടുമുള്ളൂ ' കേരളാ കോൺഗ്രസിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞു.
സ്മാരകത്തിൽ കംഫർട്ട് സ്റ്റേഷന്റെ ബോർഡ് സ്ഥാപിച്ച സംഭവം വിവാദമായ ഉടൻ തന്നെ നഗരസഭയിലെ കേരളാ കോൺഗ്രസ് നേതൃത്വം ഇടപെടുകയും ബോർഡ് എത്രയും വേഗം നീക്കാൻ നഗരസഭാ ചെയർമാന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു മുമ്പേ തന്നെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളെത്തി ബോർഡ് അഴിച്ചുമാറ്റി.

ചെയർമാനെ ഉപദേശിക്കാൻ എന്ന മട്ടിൽ ആരും സദാ അദ്ദേഹത്തിനൊപ്പം നിലകൊള്ളേണ്ടതില്ലെന്നും യഥാ സമയം പാർട്ടി നേതൃത്വവും ഭരണപക്ഷ കൗൺസിലർമാർ ഒന്നടങ്കവും ചെയർമാന് സഹായവുമായി രംഗത്തുണ്ടാകുമെന്നും കേരളാ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. കംഫർട്ട് സ്റ്റേഷൻ ബോർഡ് വിഷയത്തിൽ, അടുപ്പം കാണിച്ച ചിലരുടെ ഇടപെടലുകളാണ് ചെയർമാന് വിനയായതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഭരണ പക്ഷത്തെ കൗൺസിലർ

പ്രതിപക്ഷത്തിന്റെ ചട്ടുകമായി

'ഭരണ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായതായി തോന്നിയാൽ ഭരണപക്ഷ കൗൺസിലർമാർ തന്നെ അത് മാദ്ധ്യമങ്ങളിലൂടെ പുറത്തെത്തിക്കുന്നത് ശരിയല്ല. നഗരസഭാ ചെയർമാനോട് നേരിട്ടോ ഇടതു മുന്നണിയിലോ ആണ് ഇക്കാര്യങ്ങൾ അറിയിക്കേണ്ടത്. കംഫർട്ട് സ്റ്റേഷൻ ബോർഡ് പ്രശ്‌നം വിവാദമാക്കിയത് ഭരണപക്ഷത്തെ തന്നെ ഒരു അംഗമാണ് എന്ന് വ്യക്തമാണ് . ഇത് പ്രതിപക്ഷം നന്നായി ഉപയോഗിക്കുകയും ചെയ്തു. ഭരണപക്ഷത്തെ ഒരു കൗൺസിലറുടെയും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിലുള്ള ഞങ്ങളുടെ പ്രതിഷേധം ആ അംഗത്തിന്റെ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മേലിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകില്ലെന്നാണ് അവരിൽ നിന്ന് കിട്ടിയ ഉറപ്പ്.

- കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവ്