കോട്ടയം:പൂഞ്ഞാറിൽ ഒറ്റയ്‌ക്കു മത്സരിച്ച് മുന്നണി സ്ഥാനാർത്ഥികളെയെല്ലാം തോൽപ്പിച്ച് എം.എൽ.എ ആയ പി.സി.ജോർജ് യു.ഡി.എഫിലേക്ക് ചായുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹത്തിനെത്തിയ പി.സി.ജോർജ് ഉന്നത നേതാക്കളുമായി നടത്തിയ ചർച്ചയിൽ പരാതികൾ പറഞ്ഞു തീർത്തതോടെയാണ് യു.ഡി.എഫിലേക്കുള്ള വഴിയൊരുങ്ങിയത്.
ഈ മാസം 8ന് തിരുവനന്തപുരത്ത് ജനപക്ഷം നേതൃയോഗത്തിൽ നിലപാട് ചർച്ച ചെയ്യുമെന്ന് പി.സി.ജോർജ് കേരളകൗമുദിയോട് പറഞ്ഞു.
എന്റെ യു.ഡി.എഫ്. പ്രവേശനത്തെ എതിർക്കുന്നത് ഉമ്മൻചാണ്ടിയാണെന്ന പ്രചാരണം ശരിയല്ല. നേരിൽ കാണണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ തുടങ്ങിയവരുമായി സംസാരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി യോജിച്ചു പോകണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗിലെ ചില നേതാക്കളുമായി രസക്കേടുണ്ട്. അത് പരിഹരിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തിന്റെ വോട്ടുകൾ കോട്ടയത്ത് പല യു.ഡി.എഫ് സ്ഥാനാർത്ഥികളുടെയും വിജയത്തിന് സഹായിക്കും.
പൂഞ്ഞാറിനു പുറമേ പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളും ജനപക്ഷത്തിന്റെ സ്വാധീനമേഖലയാണ്. ഇത്തവണ പാലായിൽ മത്സരിക്കണമെന്നുണ്ട്. അവിടെ മാണി സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായാൽ കാഞ്ഞിരപ്പള്ളി കിട്ടിയാലും മതി. പൂഞ്ഞാറിൽ ഷോൺ ജോർജിന് താത്പര്യമുണ്ടെങ്കിൽ നിൽക്കട്ടെ. അവന് ജനസ്വാധീനമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ചു ജയിച്ച് തെളിയിച്ചതാണ്.
എൻ.ഡി.എയിൽ അസംതൃപ്തനായി നിൽക്കുന്ന പി.സി.തോമസിനെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിലേക്ക് കൊണ്ടു വരാനുള്ള നീക്കമുണ്ടെന്നും ജോർജ് പറഞ്ഞു.