കോട്ടയം : കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ ജില്ലാ ലൈബ്രറി കൗൺസിലുമായി ചേർന്ന് സുഗതം വനിതാ വായന ക്യാമ്പയിൻ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ കുടുംബശ്രീ അയൽക്കുട്ട അംഗങ്ങളേയും വായനയുടെ ലോകത്തെക്കെത്തിക്കുക, വായന പ്രോത്സാഹിപ്പിക്കുക, വായനശാലകളെ സജീവമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഗതം വായനാ ക്യാമ്പയിന് തുടക്കമായിരിക്കുന്നത്. ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും സൗജന്യമായി അംഗത്വമെടുക്കാൻ സാഹചര്യമൊരുക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ.
ജില്ലാതല ഉദ്ഘാടന സമ്മേളനം ഗ്രന്ഥകർത്താവും മീനച്ചിൽ മീനന്തലയാർ കൊടുരാർ നദീതട സംയോജന പദ്ധതി കോ ഓർഡിനേറ്ററുമായ അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.ജി ശശീധരൻ അംഗത്വം നൽകി. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് ആശ്രയ കുടുംബശ്രീ അയൽക്കുട്ടത്തിനു ഉപഹാരം നൽകി. മീനച്ചിൽ താലൂക്ക് ല്രൈബ്രറി കൗൺസിൽ പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, കുടുംബശ്രീ കോട്ടയം നോർത്ത് സിഡിഎസ് ചെയർപേഴ്‌സൺ അജിത ഗോപകുമാർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിലാഷ് ദിവാകർ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ അരുൺ പ്രഭാകർ നന്ദിയും പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർ ഇ.എസ് ഉഷാ ദേവി പരിപാടികൾക്ക് നേതൃത്വം നൽകി.