vagamon
വാഗമണ്ണില്‍ ഇന്നലെ അനുഭവപ്പെട്ട തിരക്ക്.

കട്ടപ്പന: ക്രിസ്മസ്- പുതുവത്സര അവധി ആഘോഷിക്കാൻ സന്ദർശകർ കൂട്ടത്തോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ. വാഗമൺ, തേക്കടി, മൂന്നാർ,​ രാമക്കൽമേട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഒരാഴ്ചയിലധികമായി അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ശനി, ഞായർ ദിവസങ്ങളിലായി പതിനായിരത്തിലധികം പേരാണ് വാഗമണ്ണിലെത്തിയത്. ക്രിസ്മസിനും പുതുവത്സര ദിനത്തിനുമിടയിൽ പ്രതിദിനം 5000ലധികം പേർ വാഗമണ്ണിലെത്തി. മൊട്ടക്കുന്നുകൾ, പൈൻമരക്കാട്, ആത്മഹത്യ മുനമ്പ്, അഡ്വഞ്ചർ പാർക്ക്, തങ്ങൾപാറ, കുരിശുമല, പാലൊഴുകുംപാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ തിരക്ക് അനുഭവപ്പെടുന്നു. ഇതുപോലെ തന്നെ തേക്കടിയിലും മൂന്നാറിലും രാമക്കൽമേട്ടിലും സഞ്ചാരികളുടെ ഒഴുക്കാണ്. ഇവിടങ്ങളിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും രണ്ടാഴ്ചയിലധികമായി സന്ദർശകരുടെ പ്രവാഹമാണ്. ഇതോടെ വഴിയോര വ്യാപാരശാലകളും സജീവമായിട്ടുണ്ട്.