കട്ടപ്പന: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ ചിൽഡ്രൻസ് പാർക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. കുറവൻകുറത്തി, മലമുഴക്കി വേഴാമ്പൽ ശിൽപങ്ങൾക്ക് ഒപ്പം പാർക്കും കൂടി പൂർത്തിയാകുന്നതോടെ ഇവിടേക്ക് സന്ദർശകരുടെ തിരക്ക് വർദ്ധിക്കുമെന്നാണ് ഡി.ടി.പി.സിയുടെ കണക്കുകൂട്ടൽ. മൂന്ന് കോടി രൂപ ചിലവഴിച്ചാണ് പാർക്ക് നിർമ്മിക്കുന്നത്.
വിശാലമായ കളിസ്ഥലമാണ് പാർക്കിനുള്ളത്. കൂടാതെ മുതിർന്നവർക്കും കുട്ടികൾക്കുമായി ഊഞ്ഞാലുകൾ, ബൈക്ക് സ്പ്രിംഗ്, ജമ്പിംഗ് റൈഡർ, ബ്രൗൺസർ, അമ്യൂസ്മെന്റ് റൈഡ്, ഓപ്പൺ സ്റ്റേജ്, പ്ലേ സ്ലൈഡർ, റോക്കറ്റ് സ്ലൈഡ്, ക്ലൈബിംഗ്, മേരി ഗോ റൗഡ് എന്നിവയും പാർക്കിലുണ്ടാവും. പുതിയ റൈഡുകളും മറ്റു വിനോദോപാധികളുമുള്ള പാർക്കിന്റെ അവസാനഘട്ട ജോലികളാണിപ്പോൾ നടക്കുന്നത്.
ജനുവരി അവസാനത്തോടെ പാർക്ക് തുറന്നുകൊടുക്കാനാണ് ഡി.ടി.പി.സിയുടെ തീരുമാനം. കുറവൻകുറത്തി ശിൽപവും മലമുഴക്കി വേഴാമ്പൽ വാച്ച് ടവറും തമിഴ്നാടിന്റെ വിദൂരക്കാഴ്ചകളും ആസ്വദിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ രാമക്കൽമേട്ടിലേക്ക് എത്തുകയാണ്. ത്രേതായുഗത്തിൽ സീതയെ തേടിയെത്തിയ രാമൻ വിശ്രമിച്ചതായി ഐതിഹ്യമുള്ള രാമക്കല്ലിൽ നിന്നുള്ള കാഴ്ചകളും ആമപ്പാറയും കാറ്റാടിപ്പാടവുമെല്ലാം രാമക്കൽമേടിനു മാത്രം സ്വന്തം. കുടുംബത്തോടൊപ്പം എത്തുന്നവർക്ക് ദിവസങ്ങളോളം ആസ്വദിക്കാവുന്ന കാഴ്ചകളുണ്ടെങ്കിലും കുട്ടികൾക്കായുള്ള വിനോദോപാധികളുടെ അഭാവം ഇവിടെയുണ്ടായിരുന്നു. മലമുഴക്കി വേഴാമ്പൽ ശിൽപത്തിനു സമീപം വിശാലമായ പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.