കോട്ടയം: കുരുമുളകിന് ഉത്തരേന്ത്യൻ ഡിമാൻഡ് കുറഞ്ഞതോടെ വില കുത്തനെ ഇടിഞ്ഞു. ക്വിന്റലിന് 300 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ അൺഗാർബിൾഡ് കുരുമുളകിന് ക്വിന്റലിന് 33,100 രൂപയായി. ഗാർബിളിന് 35,100 രൂപയും. ഇന്തോ-ശ്രീലങ്കൻ കരാർ പ്രകാരം 2500 ടൺ കുരുമുളക് നികുതിയില്ലാതെ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കഴിഞ്ഞു. ഇതും വിലയിടിവിന് കാരണമായി. ശ്രീലങ്കയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കുരുമുളക് ടണ്ണിന് 3500 ഡോളറാണ് നിരക്ക്. ഇന്ത്യയുടെ കയറ്റുമതി നിരക്ക് 5000 ഡോളർ, ബ്രസീൽ 2600, ഇന്ത്യോനേഷ്യ 2800-2900, വിയറ്ര്‌നാം 2800-2900 ഡോളറാണ് നിരക്ക്.
കാലാവസ്ഥാ വ്യതിയാനം മൂലം ഇക്കുറി വിളവ് വളരെ കുറവായിരുന്നുവെന്ന് കുരുമുളക് കർഷകർ വ്യക്തമാക്കുന്നു. മഴ മൂലം കുരുമുളക് ചെടി തളിർത്തപ്പോൾ വന്ന തിരികൾക്ക് ശേഷി കുറവായിരുന്നു. ഇതുമൂലം തിരികളിൽ കുരുമുളക് വളരെ കുറവാണ് പിടിച്ചത്. ഇതോടെ ഉത്പാദനം പത്തിലൊന്നായി ചുരുങ്ങിയെന്നാണ് കർഷകർ പറയുന്നത്. കർഷകർ ഭീമനായ നഷ്ടത്തിലായപ്പോഴും ശ്രീലങ്കയിൽ നിന്ന് കുരുമുളക് യഥേഷ്ടം കമ്പനിക്കാർ ഇറക്കുമതി ചെയ്യുകയാണ്. ഇത് സത്യത്തിൽ കർഷകന്റെ നടുവെടിച്ചിരിക്കയാണ്.
കൃഷി ചെയ്യുന്നതിനും പറിക്കുന്നതിനും ചെലവ് ഏറിയതിനാൽ കുരുമുളക് കൃഷി ലാഭകരമല്ലായെന്നാണ് കർഷകർ പറയുന്നത്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ പരക്കെ കുരുമുളക് കൃഷി ഉണ്ടായിരുന്നു. വാട്ടരോഗവും മറ്റുമായി ഇവിടെ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. കോട്ടയം ജില്ലയിലാവട്ടെ, റബർ കൃഷിക്കായി കുരുമുളക് തോട്ടങ്ങൾ വെട്ടി നശിപ്പിക്കപ്പെട്ടു. ചെറിയ തൊടികളിൽ മാത്രമേ ഇപ്പോൾ ജില്ലയിൽ നാമമാത്രമായി കുരുമുളക് കൃഷിയുള്ളു.
ശബരിമല സീസണിൽ പ്രതിദിനം അഞ്ച് മുതൽ ഏഴ് ടൺ വരെ കുരുമുളക് പ്രാദേശിക മാർക്കറ്റുകൾ വഴി വിറ്റിരുന്നു. ഇപ്പോൾ ഒരു ടൺ പോലും വിൽപ്പനയില്ല. കഴിഞ്ഞ വർഷം മകരജ്യോതിക്ക് മാത്രം 12 ടൺ വരെ കുരുമുളകാണ് പ്രാദേശിക തലത്തിൽ വിറ്റഴിച്ചിരുന്നത്. ശബരിമലയിലേക്കുള്ള അയ്യപ്പഭക്തന്മാരുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതാണ് ശബരിമല സീസണിൽ കുരുമുളകിന്റെ വ്യാപാരം പ്രാദേശികതലത്തിൽ കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞവാരം കൊച്ചിയിൽ വിൽപ്പനയ്ക്ക് കുരുമുളക് വരവ് ഗണ്യമായി കുറവായിരുന്നു. 87 ടൺ കുരുമുളക് മാത്രമാണ് വിൽപ്പനയ്ക്കെത്തിയത്.