കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങളിൽ ഉത്സവം നടത്തുന്നതിന് ക്ഷേത്രസമിതികൾ ആലോചന തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിറങ്ങുന്നതോടെ ക്ഷേത്ര ഉപദേശക സമിതികൾ പരിപാടികൾ തീരുമാനിക്കും. ഏറ്റുമാനൂർ ഉത്സവം അടുത്തമാസം ആരംഭിക്കും. തിരുനക്കര ഉത്സവവും മാർച്ച് 15നാണ് ആരംഭിക്കുക. സാധാരണ ഉണ്ടാവുന്ന കലാപരിപാടികളോടെ ഉത്സവം ആഘോഷമാക്കാനാണ് ഭരണാധികാരികളുടെ തീരുമാനം.
കലാകാരന്മാരുടെ സംഘടനയുടെ നിവേദനത്തെ തുടർന്ന് ഉത്സവങ്ങളിലും മറ്റും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകണമെന്നാണ് നിർദേശം. ആറാട്ട് എഴുന്നള്ളത്തിനും ആനകൾക്കും നിയന്ത്രണം ഉണ്ടെങ്കിലും പതിവ് ചടങ്ങുകൾ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി 14ന് കൊടിയേറും. 21നാണ് ഏഴരപ്പൊന്നാന ദർശനം, 23ന് ആറാട്ട്. തന്ത്രി കണ്ഠരര് രാജീവര് കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും. പത്ത് ദിവസം നീളുന്ന ഉത്സവത്തിന് സമാപനം കുറിച്ച് മീനച്ചിലാറ്റിലെ പൂവത്തുമൂട് കടവിൽ ആറാട്ട് നടത്തും. മറുകരയിൽ പെരുങ്ങള്ളൂർ മഹാദേവന്റെ ആറാട്ടും നടക്കും. ഏറെ ഭക്തർ തൊഴാൻ എത്തുന്ന ഇത്തരം ചടങ്ങുകൾ അതേ പ്രൗഢിയോടെ ഇത്തവണയും നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
ആറാട്ട് വഴിയുലടനീളം കുരുത്തോല തോരണങ്ങളും ചാർത്തി, പൂപ്പന്തൽ ഒരുക്കി അലങ്കരിക്കുക പതിവാണ്. മികച്ച അലങ്കാരത്തിന് സ്വകാര്യട്രസ്റ്റുകൾ പുരസ്കാരങ്ങളും നൽകാറുണ്ട്. തിരിച്ചെഴുന്നള്ളപ്പിൽ ചാലയ്ക്കൽ വിഷ്ണുക്ഷേത്രത്തിൽ സ്വീകരണം. ഇവിടെ ഇക്കുറി പൂജയുണ്ട്. ശൈവ-വൈഷ്ണവ സംഗമ പൂജ എന്ന പേരിൽ ഇത് പ്രസിദ്ധമാണ്.
തിരുനക്കര മഹാദേവക്ഷേത്രത്തിൽ മാർച്ച് 15ന് കൊടിയേറും. 24നാണ് ആറാട്ട്. കാരാപ്പുഴ അമ്പലക്കാട് ദേവീ ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. തിരിച്ചെഴുന്നള്ളത്തിന് വഴിനീളെ നെൽപറവച്ച് സ്വീകരണം പ്രത്യേകതയാണ്. തിരുനക്കരയിലും ഏറ്റുമാനൂരും ഉത്സവത്തിന് മൂന്നുദിവസം കഥകളി പതിവുണ്ട്, ഇത് ഇത്തവണയും ഉണ്ടാവുമെന്ന് ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി. മറ്റ് കലാപരിപാടികൾ പിന്നീട് തീരുമാനിക്കും.