mattupetty


അടിമാലി: അപകടം പതിയിരുന്ന റോഡിലെ വളവ് നിവർത്തി , പക്ഷെ ടാറിങ്ങിന്റെ കാര്യത്തിൽ നനിയും നടപടിയായില്ല. മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ ഫോട്ടോപോയിന്റിന് സമീപമുള്ള റോഡിന്റെ വളവാണ് നിവർത്തിയത്. അടിക്കടി അപകടം നടന്നതോടെ അപകട മുനമ്പെന്ന പേരുവീണ ഇവിടെ റോഡിന്റെ വിസ്താരം വർദ്ധിപ്പിച്ചത് ഏറെ ആശ്വാസമാണ് വാഹനയാത്രികർക്ക് നൽകിയത്. എന്നാൽ തുടർ നടപടികൾ ഇനിയുമായില്ല. അതുകൊണ്ട്തന്നെ ഇപ്പോൾ നടത്തിയ നല്ലകാര്യത്തിന് വേണ്ടുന്ന ഫലം കിട്ടുന്നുമില്ല. ഇവിടെ മണ്ണ് നീക്കി പാതയുടെ വിസ്താരം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ വളവ് നിവർത്തുകയോ മണ്ണ് നീക്കിയ ഭാഗത്ത് ഇനിയും ടാറിംഗ് നടത്തിയുമില്ല.വീതി വർദ്ധിപ്പിക്കുന്നതിനൊപ്പം ചെയ്യേണ്ട കൊടും വളവ് നിവർത്തലും ടാറിംഗ് നടത്തലും അനന്തമായി നീളുകയാണ്. വഴി പരിചിതമല്ലാതെ എത്തുന്നവർ കൊടുംവളവിലെത്തുമ്പോൾ എതുവഴി പോകണമെന്ന് ആശയ കുഴപ്പത്തിലാകുന്നതും വാഹനങ്ങൾ വേഗത്തിൽ വെട്ടിക്കുന്നതും അപകടത്തിന് കാരണമായി തീരുന്നു.ഇതിനോടകം എണ്ണമറ്റ അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.വർഷങ്ങൾക്ക് മുമ്പ് ഒരു മരണത്തിനും ഈ അപകട തുരുത്ത് ഇടവരുത്തി.

ബോർഡ് വെച്ചാൽ പിഴിതെറിയും

അശാസ്ത്രീയമായാണ് റോഡ് കടന്നു പോകുന്നതെന്നിരിക്കെ ഇവിടൊരു മുന്നറിയിപ്പ് ബോർഡു പോലും സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല.

ഇത് മാത്രമല്ല അപകട സാദ്ധ്യത സൂചിപ്പിച്ച് ഒരു യുവജന പ്രസ്ഥാനം സ്ഥാപിച്ച ദിശാബോർഡ് പിഴുത് പൊന്തക്കാട്ടിലെറിഞ്ഞ ദുരനുഭവംവരെയുണ്ടായി..മതിയായ വീതിയും റോഡുമുണ്ടെന്നിരിക്കെ അപകട വളവ് നിവർത്തി ടാറിംഗ് നടത്തുവാൻ എന്തിന് വൈകിപ്പിക്കുന്നുവെന്നാണ് വാഹനയാത്രികരുടെയും പ്രദേശവാസികളുടെയും ചോദ്യം.റോഡിന്റെ ഈ അശാസ്ത്രീയത പരിഹരിച്ചില്ലെങ്കിൽ അപകടങ്ങൾ ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്ന ആശങ്കയാണുള്ളത്. .