അടിമാലി: സൗന്ദര്യമൊളിപ്പിച്ച മലമടക്കുകൾ ഇടുക്കിയുടെ പ്രത്യേകയതയാണ്.കാഴ്ച്ചയുടെ നയന മനോഹാരിത കൊണ്ട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി മാറിയ ഇടമാണ് അടിമാലിക്കടുത്തുള്ള പെട്ടിമുടി.കണ്ണെത്താ ദുരത്തുള്ള പരന്നകാഴ്ച്ചയും ചുവപ്പ് വാരിവിതറുന്ന ഉദയാസ്തമന കാഴ്ച്ചകളും പെട്ടിമുടിയിൽ നിന്നും മതിവരുവോളും ആസ്വദിക്കാം.മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന പെട്ടിമുടി സഞ്ചാരികളുടെ മനസ്സും അത്രത്തോളം നിറക്കുന്നു.മലമുകളിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പിന്റെ വിലക്കുണ്ടെങ്കിലും നിരവധിയായ സഞ്ചാരികൾ ദിവസവും മലകയറിയെത്തി പെട്ടിമുടിയുടെ നിറുകയിൽ നിന്നുള്ള കാഴ്ച്ചകൾ കണ്ട് മടങ്ങുന്നുണ്ട്.പറഞ്ഞാലും പകർത്തിയാലും തീരാത്ത സൗന്ദര്യമൊളിപ്പിച്ച പെട്ടിമുടിയെ വനംവകുപ്പും തദ്ദേശഭരണകൂടങ്ങളും ഇടപെട്ട് വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണമെന്നാണ് സഞ്ചാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം.
കുത്തനെയുള്ള മലഞ്ചെരിവിലൂടെ അരമണിക്കൂറിലധികം സമയം കാൽനടയായി സഞ്ചരിച്ച് മാത്രമെ പെട്ടിമുടിയുടെ മുകളിലെത്താനാകു.കോടമഞ്ഞ് പുൽകുന്ന ഇടമെങ്കിലും അപകടവും അത്രത്തോളം തന്നെ ഒളിഞ്ഞിരിപ്പുണ്ട്.സുരക്ഷിതമായി കാഴ്ച്ചകൾ കണ്ട് ചിത്രങ്ങൾ പകർത്താൻ അവസരമൊരുക്കിയാൽ എണ്ണമറ്റ സഞ്ചാരികൾ മലഞ്ചെരുവിലൂടെ പെട്ടുമുടിയിൽ എത്തുമെന്ന പ്രതീക്ഷയാണുള്ളത്..