ചങ്ങനാശേരി : അഴിക്കുന്തോറും മുറുകുകയാണ് ചങ്ങനാശേരിയിലെ ഗതാഗതക്കുരുക്ക്. കുരുങ്ങി കുരുങ്ങി വാഹനങ്ങൾ നീണ്ടനിര കിടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും വിയർക്കുകയാണ്. അഴിയാക്കുരുക്കിൽപ്പെട്ട് 500 മീറ്ററിൽ താഴെമാത്രം ദൂരമുള്ള ടൗൺ കടക്കാൻ 45 മിനിട്ട് മുതൽ ഒരുമണിക്കൂർവരെ കാത്തുകിടക്കേണ്ട ഗതകേടിലാണ് യാത്രക്കാർ. റോഡ് നവീകരണം പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെയായിട്ടില്ല. സെൻട്രൽ ജംഗ്‌ഷനിലെ അനധികൃത പാർക്കിംഗാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിന് സമീപം ട്രാഫിക് നിയന്ത്രണത്തിന് പൊലീസുണ്ടെങ്കിലും രാവിലെ 9 മുതൽ 12 വരെയും, വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഏറ്റവും കൂടുതൽ കുരുക്ക്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മുൻപ് ഹോംഗാർഡ് സേവനം ഉണ്ടായിരുന്നത് നിറുത്തലാക്കി. ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ തെളിയാത്തതും കുരുക്കിനും അപകടത്തിനും ഇടയാക്കുന്നു. വാഴൂർ റോഡിൽ നിന്നുള്ള പ്രവേശന ഭാഗത്ത് വീതിക്കുറവായതിനാൽ ഭാരവാഹനങ്ങൾക്ക് കടന്നുപോകാനാകില്ല.
വൺവേ സംവിധാനം ഇല്ല
നഗരത്തിൽ വൺവേ സംവിധാനം ഇല്ലാത്തതാണ് കുരുക്കിന്റെ പ്രധാന കാരണം. ളായിക്കാട് മുതൽ മതുമൂല വരെ ഇരുവശങ്ങളിലുമായി 14 പോക്കറ്റ് റോഡുകളുണ്ട്. ഇവിടെ നിന്നെല്ലാം എത്തുന്ന വാഹനങ്ങൾ എത്തിച്ചേരുന്നത് എം.സി റോഡിലേക്കാണ്. തോന്നുംപടിയാണ് വാഹനങ്ങൾ റോഡിലേക്ക് പ്രവേശിക്കുന്നത്.
അനധികൃത പാർക്കിംഗ്
നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതാണ് കുരുക്കിന് പ്രധാന കാരണം. വാഹനങ്ങൾ റോഡിന് ഇരുവശത്തുമായി അനധികൃതമായി പാർക്ക് ചെയ്യുകയാണ്. വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ വാഹനങ്ങൾ നിറുത്തി സാധനങ്ങൾ വാങ്ങുന്നതും കുരുക്കിനിടയാക്കുന്നു. ഇത് കാൽ നടയാത്രക്കാരെയും ദുരിതത്തിലാഴ്ത്തുന്നു.
ബൈപ്പാസുകൾ നോക്കുകുത്തി
ളായിക്കാട് ജംഗ്ഷനിൽ നിന്നുള്ള ബൈപ്പാസ് റോഡ് ഉപയോഗിക്കാത്തതാണ് കുരുക്കിന്റെ മറ്റൊരു കാരണം. പാലാത്ര ബൈപ്പാസിൽ നിന്ന് വലിയ വാഹനങ്ങൾ തിരിച്ചു വിടുന്നില്ല. പ്രൈവറ്റ് ബസുകൾ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിറുത്തി ആളുകളെ കയറ്റി ഇറക്കുന്നത് കുരുക്കിയിടയാക്കുന്നു.
സെൻട്രൽ ജംഗ്ഷൻ കടന്ന് കിട്ടണമെങ്കിൽ കുറച്ച്പാടുപെടണം, കാൽനടയാത്രയും റോഡ് മുറിച്ചുകടക്കാനും സാധിക്കുന്നില്ല. തിരക്കിൽ വാഹനങ്ങൾ പരസ്പരം തട്ടുകയും യാത്രക്കാരെ ഇടിക്കുന്നതിനും ഇടയാക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണം.
(സാലി ജോസഫ്, വാകത്താനം സ്വദേശി)