kappa

ഇടനിലക്കാർ ലാഭം കൊയ്യുന്നു

ചങ്ങനാശേരി: കർഷകർക്ക് ഇത് കഷ്ടകാലമാണ്. ഏത്തക്കായ്ക്ക് വിലയിടിഞ്ഞപ്പോൾ കപ്പയിൽ എങ്കിലും പിടിച്ചുനിൽക്കാം എന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ കപ്പയും കർഷകനെ കൈവിട്ട അവസ്ഥയിലാണ്. വിലയിടിഞ്ഞതോടെ കപ്പകൃഷിയും അവസാനിപ്പിക്കാനൊരുങ്ങുകയാണ് കർഷകർ. പാട്ടത്തിനെടുത്തും, സ്വന്തം സ്ഥലത്തും ഹെക്ടർ കണക്കിന് കൃഷി ചെയ്ത നൂറുകണക്കിന് കർഷകരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. നാടൻ കപ്പ കിലോയ്ക്ക് 12 രൂപയാണ് കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്. ഇടനിലക്കാർ നേരിട്ടെത്തി 11 കിലോ 120 രൂപ എന്ന കണക്കിലാണ് കപ്പ തൂക്കി വാങ്ങുന്നത്. പ്രദേശിക വിപണിയിൽ 20 മുതൽ 25 രൂപയ്ക്കാണ് ഇവ വിറ്റഴിക്കുന്നത്. മുൻ വർഷങ്ങളിൽ വിപണിയിൽ 30 രൂപ ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് 25 രൂപ ലഭിച്ചിരുന്നു.


വാഹനങ്ങളിലും വഴിയരികിലുമായി വിപണി വിലയേക്കാൾ താഴ്ത്തി കപ്പ വിൽക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് കർഷകർ പറയുന്നു. പച്ചക്കപ്പ വില ഇടിയുമ്പോഴും ഉണക്കകപ്പ വിറ്റായിരുന്നു കർഷകർ പിടിച്ചുനിന്നിരുന്നത്. രണ്ടു വർഷം മുൻപ് 130 രൂപ വരെ വിലയുണ്ടായിരുന്ന ഉണക്കകപ്പയ്ക്ക് 45 മുതൽ 60 രൂപവരെയാണ് പ്രാദേശിക വിപണിയിൽ ഇപ്പോഴത്തെ വില. കർഷകന് ലഭിക്കുന്നതാകട്ടെ കഷ്ടിച്ച് 30 രൂപ മാത്രം.

പാട്ടത്തുകയും മുതൽമുടക്കും കഴിഞ്ഞാൽ, നിലവിൽ ലഭിക്കുന്ന വിലയിൽ കപ്പ കൃഷി ലാഭകരമല്ല. 20,25 രൂപ ലഭിച്ചാൽ മാത്രമേ ചെറുകിട കർഷകർക്ക് ലാഭമുള്ളൂ. കിട്ടിയ വിലയ്ക്ക് കപ്പ വിറ്റ് തീർക്കേണ്ട സ്ഥിതിയാണ്.

ബേബിച്ചൻ, കർഷകൻ

കപ്പ വില (കിലോയ്ക്ക്): 25 രൂപ

കർഷകന് ലഭിക്കുന്നത്: 12 രൂപ