നീണ്ടൂർ: നീണ്ടൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ പള്ളിത്താഴെ ഭാഗത്ത് പാടവരമ്പത്ത് ഒരാേ നിമിഷവും ചത്തുവീഴുകയാണ് താറാവിൻ കുഞ്ഞുങ്ങൾ. പക്ഷിപ്പനി ബാധിച്ച് തൂങ്ങി നിൽക്കുന്നു താറാവുകളെല്ലാം തന്നെ. പ്രളയത്തിനും കൊവിഡിനും ശേഷം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിന് വീണ്ടും വിലങ്ങുതടിയാവുകയാണ് പക്ഷിപ്പനി. നിസഹായരായി നിൽക്കാനേ പാവം കർഷകർക്കു കഴിയുന്നുള്ളൂ.
വർഷങ്ങൾക്ക് ശേഷമാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. നീണ്ടൂർ പഞ്ചായത്ത് 14ാം വാർഡിൽ പള്ളിത്താഴെ ഭാഗത്ത് 65 ദിവസം പ്രായമായ രണ്ടായിരത്തോളം താറാവുകൾ ഇതിനോടകം ചത്തു. എട്ടാം വാർഡിൽ താമസിക്കുന്ന കല്ലൂപറമ്പിൽ ബാബുവിന്റെതാണ് ഈ താറാവുകൾ. 27 നാണ് ഇതു ശ്രദ്ധയിൽ പെട്ടത്. ഇടയാഴത്ത് നിന്ന് കൊണ്ടുവന്ന താറാവിൻ കുഞ്ഞുങ്ങൾ തൂങ്ങി നിന്ന് ചത്തു വീണതോടെ മൃഗസംരക്ഷണവകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് 29ന് എട്ട് സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ചു. ഇന്നലെ ലഭിച്ച പരിശോധനാ ഫലത്തിൽ അഞ്ച് സാമ്പിളുകളിൽ എച്ച് 5 എൻ 8 എന്ന മാരാക വൈറസാണ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ താറാവ് കർഷകരെല്ലാം ആശങ്കയിലാണ്.
വാങ്ങിയത് 8000 താറാവുകൾ
വർഷങ്ങളായി താറാവ് കർഷകനായ ബാബു ഒരെണ്ണത്തിന് നൂറു രൂപ നിരക്കിൽ എട്ടായിരം കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. പള്ളിത്താഴെ ചൊഴിയപ്പാറ നാനൂറ്റാംപടവ് പാടത്തിൽ വളർത്തിയിരുന്ന താറാവുകളിൽ ഇപ്പോഴും ദിവസവും 20-30 എണ്ണം വീതം ചാകുന്നുണ്ട്. എന്നാൽ, പ്രദേശത്ത് മറ്റു താറാവിൻ കൂട്ടങ്ങളില്ലാത്തതിനാൽ രോഗ പ്രതിരോധം വേഗം സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണ വകുപ്പ്.
'' ആദ്യം ചെറിയ തൂക്കം പോലെ തോന്നി. വൈകാതെ ചത്തുവീഴുകയായിരുന്നു. ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിൽ അറിയിച്ചു. ചത്ത താറാവുകളെയെല്ലാം കുഴിച്ചിട്ടു. താറാവുകളുടെ വിലയ്ക്ക് പുറമേ തീറ്റയും കൂലിയുമായി ലക്ഷങ്ങളാണ് ചെലവായത്. എല്ലാം നഷ്ടമായി.
ബാബു, താറാവ് കർഷകൻ