നീണ്ടൂർ: പക്ഷിപ്പിനി പടരാതിരിക്കാൻ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിലെ താറാവുകളെ കൊല്ലുമ്പോൾ ചോഴിയപ്പാറയിൽ അംബികയ്ക്ക് കണ്ണീര് മാത്രമാണ് ബാക്കി. കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ലോണെടുത്ത് മുട്ടത്താറാവുകളെ വളർത്തുകയാണ് അംബിക.
രോഗം സ്ഥിരീകരിച്ച വീടിന് അടുത്താണ് അംബികയും താറാവുകളെ വളർത്തുന്നത്. അംബികയും ബാബുവും മാത്രമല്ല നീണ്ടൂർ അഞ്ഞൂറിലെ മിക്കവാറും കർഷകരുടെ വരുമാനം താറാവാണ്. അംബികയുടെ താറാവുകൾക്ക് ഇതുവരെ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും രോഗം പടരാതിരിക്കാൻ കൊല്ലേണ്ടി വരും.
'' 30,000 രൂപ ലോണെടുത്താണ് താറാവുകളെ വാങ്ങിയത്. മുൻപ് ചെയ്തിരുന്ന പലഹാരക്കച്ചവടം ലോക്ക് ഡൗൺ സമയത്ത് നിന്നു. മത്സ്യത്തൊഴിലാളിയായ ഭർത്താവിന്റെ വരുമാനം കൊണ്ട് ജീവിക്കാൻ കഴിയാത്തതിനാലാണ് താറാവുകളെ വളർത്താൻ തീരുമാനിച്ചത്. മുട്ടയിട്ട് തുടങ്ങുന്നേയുള്ളൂ. ഇനി ഇവയെ കൊല്ലണമെന്ന് പറയുമ്പോൾ ഞങ്ങളൊക്കെ കയറെടുക്കേണ്ടി വരും'' അംബികയുടെ വാക്കുകളിൽ ഉള്ളിലെ വിഷമം മുഴുവനുമുണ്ട്.
ഞെട്ടൽ മാറാതെ ബാബു
തന്റെ താറാവിൻ കുഞ്ഞുങ്ങളോരോന്നും തൂങ്ങി നിന്ന് ചത്തു വീഴുമ്പോഴും പക്ഷിപ്പനിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല . താറാവു കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടു മാത്രം ജീവിതം പുലർത്തുന്ന ബാബു, മരുന്ന് മാറിമാറി നൽകിയിരുന്നു. ചത്ത് വീണവയെ പാടത്ത് കുഴിയെടുത്ത് മറവ് ചെയ്തു. പക്ഷിപ്പനി സ്ഥിരീകരിക്കുമ്പോൾ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് ബാബു.
തുടർച്ചയായ രണ്ടുവർഷങ്ങളിലെ പ്രളയവും കൊവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയും അതിജീവിച്ച് വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഇടിത്തീപോലെ പക്ഷിപ്പനി ചിറകടിച്ചു വന്നത്. കടംവാങ്ങിയും പണയംവച്ചും വാങ്ങിയ താറാവുകൾ ഒന്നടങ്കം മണ്ണടിയേണ്ടി വരുമ്പോൾ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ബാബു. വിവരമറിഞ്ഞ് നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ തുടങ്ങിയവരും സ്ഥലത്തെത്തി.