പാലാ : ചെറിയാൻ ജെ. കാപ്പൻ സ്മാരകത്തിൽ കംഫർട്ട് സ്റ്റേഷന്റെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ പ്രതിഷേധവുമായി നഗരഭരണപക്ഷത്തെ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് ഒഴികെയുള്ള കൗൺസിലർമാർ ഒരുമിച്ച് രംഗത്തെത്തി. ഇതുപോലുള്ള വിഡ്ഢിത്തം കാണിച്ച് ജനങ്ങൾക്ക് മുന്നിൽ ചെയർമാൻ സ്വയം അപഹാസ്യനാകരുതെന്ന് സി.പി.എം - സി.പി.ഐ - എൻ.സി.പി കൗൺസിലർമാർ തുറന്നടിച്ചു. വലിയ പ്രതീക്ഷകളോടെയാണ് ഇടതുമുന്നണിയെ ജനങ്ങൾ പാലാ നഗരഭരണം ഏൽപ്പിച്ചത്. എന്നാൽ കൂട്ടുത്തരവാദിത്വമോ ആലോചനയോ ഇല്ലാതെ ഭരണപക്ഷത്തെ ചില കൗൺസിലർമാരുടെ തീരുമാനപ്രകാരം പൊടുന്നനെ സ്റ്റേഡിയത്തിലെ കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കാനും സ്മാരകത്തിൽ ബോർഡ് സ്ഥാപിക്കാനും ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർദ്ദേശം കൊടുത്തതാണ് പ്രശ്‌നമായതെന്ന് ഭരണപക്ഷത്തെ ഏഴ് അംഗ കൗൺസിലർമാർ കുറ്റപ്പെടുത്തി.
കംഫർട്ട് സ്റ്റേഷൻ തുറക്കുന്ന വിഷയത്തിൽ ചെയർമാൻ തീരുമാനം എടുക്കുന്ന വേളയിൽ തൊട്ടടുത്ത മുറിയിൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് ഉണ്ടായിരുന്നു. എന്നാൽ വൈസ് ചെയർപേഴ്‌സണോട് ഇക്കാര്യം ഒന്നു സൂചിപ്പിക്കാൻപോലും ചെയർമാനും കൂട്ടരും തയ്യാറായില്ല. ഇത് പ്രതിഷേധാർഹമാണ്.
ആലോചിക്കാതെ ചെയ്താൽ പ്രതിഷേധിക്കും
ചെറിയാൻ കാപ്പന്റെ സ്മാരകത്തിൽ കംഫർട്ട്‌സ്റ്റേഷന്റെ ബോർഡ് സ്ഥാപിച്ചത് തെറ്റാണെന്ന് ബോദ്ധ്യപ്പെടുകയും അത് മാറ്റാൻ നിർദ്ദേശം കൊടുക്കുകയും ചെയ്ത ചെയർമാന്റെ നടപടി സ്വാഗതാർഹമാണ്. മേലിൽ ഇടതുമുന്നണിയുമായി ആലോചിക്കാതെ ഒരു തീരുമാനവും ചെയർമാൻ സ്വയം എടുക്കുമെന്ന് കരുതുന്നില്ല. മറിച്ചൊരു സാഹചര്യമുണ്ടായാൽ ശക്തമായി പ്രതിഷേധിക്കേണ്ടി വരുമെന്നും ഭരണപക്ഷത്തെ ഏഴ് കൗൺസിലർമാർ പറഞ്ഞു.
ചെയർമാനെ ക്രൂശിച്ചാൽ ഗൗരവമായി കാണും
ഭരണപക്ഷത്തെ സി.പി.എം - സി.പി.ഐ - എൻ.സി.പി അംഗങ്ങൾ ഒരുമിച്ച് ചെയർമാനെതിരെ രംഗത്ത് വന്നതിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനും അമർഷമുണ്ട്. കംഫർട്ട്‌സ്റ്റേഷന്റെ ബോർഡ് വച്ചത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ട ഉടൻ മാറ്റാൻ ചെയർമാൻ തയ്യാറായി. ഇത് മനസ്സിലാക്കാതെ ചെയർമാനെ ക്രൂശിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. ഇക്കാര്യം ഗൗരവത്തോടെ തന്നെ സി.പി.എം. ഉൾപ്പെടെയുള്ള ഘടകകക്ഷിനേതാക്കളെ അറിയിച്ചതായി മാണിഗ്രൂപ്പിലെ പാലാ മണ്ഡലംതല നേതാക്കൾ അറിയിച്ചു.