പാലാ : രാമപുരത്തും പരിസരപ്രദേശങ്ങളിലും കുളമ്പു രോഗം പടരുന്നത് കൃഷകരെ ആശങ്കയിലാഴ്ത്തുന്നു. കൊണ്ടാട്, രാമപുരം ടൗൺ, പാലവേലി എന്നീ ഭാഗങ്ങളിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് രാമപുരം മൃഗാശുപത്രിയിലെ സീനിയർ വെറ്റിറിനറി സർജൻ ഡോ.ജെസ്സി.സി.കാപ്പൻ പറഞ്ഞു. ഏതുവിധേനയും ഇത് നിയന്ത്രിക്കുന്നതിനുള്ള റിംഗ് വാക്‌സിനേഷൻ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
മൂന്നു ദിവസം മുമ്പ് കൊണ്ടാട് ഭാഗത്താണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് പല ഭാഗങ്ങളിലായി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത് വരികയാണ്. കാറ്റിലൂടെ രോഗം പടരാമെന്നുള്ളത് ഗൗരവതരമായ സ്ഥിതിവിശേഷമായതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളതെന്നും മൃഗാശുപത്രി അധികൃതർ പറഞ്ഞു.
ലക്ഷണങ്ങൾ ഇവ
കാലികളുടെ വായിൽ നിന്ന് ഉമിനീർ ഒലിപ്പിക്കുക, തീറ്റ തിന്നാതിരിക്കുക, പനി, കാൽ നിലത്തു കുത്തുമ്പോൾ വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉടൻ വിവരം രാമപുരം മൃഗാശുപത്രിയിൽ റിപ്പോർട്ടു ചെയ്യണം. ആവശ്യത്തിന് പ്രതിരോധ വാക്‌സിൻ എത്തിയിട്ടുണ്ട്. അതുകൊണ്ട് ക്ഷീരകർഷകർ തങ്ങളുടെ മൃഗങ്ങൾക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് എടുപ്പിക്കണമെന്നും മൃഗാശുപത്രി അധികൃതർ പറഞ്ഞു. ഫോൺ : 6282255726 (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ).
നിയന്ത്രണ മാർഗം
പ്രതിരോധകുത്തിവയ്പാണ് ഫലപ്രദമായ നിയന്ത്രണമാർഗം. മറ്റ് മൃഗങ്ങൾ തൊഴുത്തിൽ കയറുന്നതു തടയുക, രോഗം വന്ന പശുവിനെ പരിചരിക്കുന്ന ആൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ആ പ്രദേശങ്ങളിലും രോഗം വ്യാപിച്ചേക്കാം. കൂടാതെ തൊഴുത്തിൽനിന്നു മാലിന്യങ്ങൾ പുഴയിലേക്കോ, തോട്ടിലേക്കോ ഒഴുക്കിവിടാതെ ശ്രദ്ധിക്കുക. കുളമ്പുരോഗം ബാധിച്ചു ചത്ത കാലികളുടെ ജഡം ആഴത്തിൽ മറവ് ചെയ്യുക. തൊഴുത്ത് വൃത്തിയായി പരിപാലിക്കാൻ ശ്രമിച്ചാലും കുറെയധികം രോഗങ്ങളെ അകറ്റാം. ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക. ദിവസം രണ്ടുനേരമെങ്കിലും അണുനാശിനികൊണ്ട് (പൊട്ടാസ്യം പെർമാംഗനേറ്റ്, ക്ലോറിൻ, അക്രിഫ്‌ളേവിൻ )വായ, കുളമ്പ് എന്നിവ കഴുകുക.