duck

കുമരകം: നീണ്ടൂരിൽ പക്ഷിപനി സ്ഥിരീകരിച്ചതോടെ പടിഞ്ഞാറൻ മേഖലയിലെ നുറുകണക്കിന് താറാവ് , കോഴി കർഷകർ ആശങ്കയിലായി . 2014 നവംബറിലും 2016 ഡിസംബറിലും കുമരകം , തിരുവാർപ്പ് , അയ്മനം, ആർപ്പുക്കര, വെച്ചൂർ പഞ്ചായത്തുകളിൽ പക്ഷി പനി മൂലം ആയിരക്കണക്കിന് താറാവുകളും നുറുകണക്കിന് കോഴികളുമാണ് ചത്തത്. ഇതോടെ കടം കയറിയ കർഷകർ കുടുംബം പോറ്റാൻ കഴിയാതെ ഏറെ കഷ്ടപ്പെട്ടു . സർക്കാർ നൽകിയ നഷ്ടപരിഹാരം നാമമാത്രമായിരുന്നു . വർഷങ്ങളായി ഉപജീവനമാർഗമായി കണ്ടെത്തിയ തൊഴിൽ ഉപേക്ഷിക്കാനാകാതെ കടത്തിന്മേൽ കടം കയറിയാണ് ഇപ്പോൾ പലരും താറാവു വളർത്തൽ തുടരുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ഇറക്കി താറാവിനെ തീറ്റിക്കുക മുൻ വർഷങ്ങളിൽ പതിവായിരുന്നു . എന്നാൽ ഏതാനും വർഷങ്ങളായി കർഷകർ തങ്ങളുടെ പാടം താറാവുതീറ്റാൻ നൽകുന്നില്ല . ഇതോടെ താറാവ് കൃഷിക്ക് കൂടുതൽ പണം മുടക്കേണ്ട സ്ഥിതിയാണിപ്പോൾ. തീറ്റ മുഴുവൻ വിലക്കു വാങ്ങി നൽകുകയാണ് . രോഗം വന്ന് ചത്താൽ നഷ്ടപരിഹാരം ലഭിക്കുന്നത് മൃഗാശുപത്രിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താറാവുകൾക്ക് മാത്രമാണ്. രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് താറാവുകളെ വളർത്തുന്ന കർഷകർ ഇപ്പോൾ ജില്ലയിലുണ്ട്.

'ആശങ്കപ്പെടേണ്ട. പ്രതിരോധ നടപടികൾ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണ്.'

ഡോ. ഷാജി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ