students
കട്ടപ്പന ഗവ. കോളജില്‍ രണ്ടാം വര്‍ഷ പി.ജി. ക്ലാസ് ആരംഭിച്ചപ്പോള്‍.

കട്ടപ്പന :വീണ്ടും കാമ്പസുകൾക്ക് ഉണർവ്വേകി അടഞ്ഞ് കിടന്ന കലാലയങ്ങൾ തുറന്നു.മാസങ്ങൾക്കുശേഷം സുഹൃത്തുക്കളെ നേരിട്ടുകണ്ടതിന്റെ സന്തോഷം മുഖാവരണത്തിനുള്ളിൽ മറഞ്ഞുപോയി. ഓടിയെത്തി ആശ്ലേഷിക്കാൻ വെമ്പൽ കൊണ്ടെങ്കിലും നിയന്ത്രണങ്ങൾ തീർത്ത സാമൂഹിക അകലത്തിൽ കൈകൂപ്പി നമസ്‌കാരവും അല്ലങ്കിൽ ഹായ് പറച്ചിലിലും സൗഹൃദങ്ങൾ പുതുക്കി. മാസങ്ങൾക്കുശേഷം പ്രിയ കലാലയം എല്ലാവരും ഒന്നുചുറ്റിക്കറങ്ങി കണ്ടു. കാമ്പസിലെ പ്രിയപ്പെട്ട ഇടങ്ങളിൽ നിശ്ചിത അകലത്തിൽ ഇരുന്ന് പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ കെട്ടുകളഴിച്ച് പഴയ ഓർമകളിലേക്ക് ആദ്യ ദിനം ചേക്കേറി.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ച കോളജുകൾ 294 ദിവസങ്ങൾക്കു ശേഷമാണ് തുറക്കുന്നത്. ജില്ലയിലെ കോളജുകളിൽ ഗവേഷക, ബിരുദാനന്തര ബിരുദ, അവസാന വർഷ ബിരുദ വിദ്യാർഥികളാണ് ഇന്നലെ എത്തിയത്. തുറക്കുന്നതിനു മുന്നോടിയായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ലാസ് മുറികൾ അണുമുക്തമാക്കിയിരുന്നു.


കട്ടപ്പന ഗവ. കോളജിൽ . മലയാളം, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, കണക്ക് വിഭാഗങ്ങളിലെ അവസാന വർഷ ബിരുദ വിദ്യാർഥികളും രണ്ടാം വർഷ പി.ജി വിദ്യാർഥികളുമാണ് ഇന്നലെയെത്തിയത്. 74 ശതമാനമാണ് ഹാജർനില. വിദ്യാർത്ഥികൾ കൂടുതലുള്ള ബിരുദ ക്ലാസുകൾ രണ്ട് ബാച്ചുകളാക്കി ക്രമീകരിച്ചാണ് ക്ലാസ് നടന്നത്. ഒന്നാംവർഷ പി.ജി. വിദ്യാർത്ഥികളോട് എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ആവശ്യമെങ്കിൽ ഇവർക്ക് ക്ലാസുകൾ ക്രമീകരിക്കും. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ നേരത്തെ ക്രമീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച രോഗമുക്തി നേടിയവർക്കും പനിയോ ചുമയോ ഉള്ളവർക്കും പരിശോധന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്.

സമയത്തിലും

മാറ്റങ്ങൾ

രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. ശനിയാഴ്ചകളും പ്രവർത്തി ദിവസം ആയിരിക്കും. ഒരു വിദ്യാർത്ഥി പരമാവധി 5 മണിക്കൂർ കോളേജിൽ സമയം ചെലവഴിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണം കൂടുതൽ ഉള്ള ക്ലാസ്സുകളിൽ രണ്ട് ഷിഫ്ടുകളിലായി ക്ലാസുകൾ ക്രമീകരിക്കും.