hen

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധയുണ്ടായ ഫാമിൽ ശേഷിക്കുന്ന താറാവുകളെയും ഫാമിന് പുറത്ത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ഇന്ന് മുതൽ കൊല്ലും. ഫാമിനു പുറത്ത് കോഴിയും താറാവും ഉൾപ്പെടെ മൂവായിരം വളർത്തു പക്ഷികൾ ഉണ്ടെന്നാണ് കണക്ക്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടർ എം.അഞ്ജന, എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ആർ. ഷൈല, തഹസിൽദാർ പി.ജി. രാജേന്ദ്രബാബു, മൃഗസംരക്ഷണ വകുപ്പ് നോഡൽ ഓഫീസർ ഡോ. കെ.ആർ. സജീവ്കുമാർ, ഡോ. ഷിജോ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

 താറാവുകളെ കൊല്ലുന്നതിന് ദ്രുത കർമ്മസേന

രോഗം സ്ഥിരീകരിച്ച ഫാമിലെ താറാവുകളെ കൊന്ന് മറവു ചെയ്യുന്നതിനായി വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകർമ്മ സേനകളെ നിയോഗിച്ചു. പൊലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. മേക്കാവ് എസ്.കെ.വി.എൽ.പി സ്‌കൂളാണ് ദ്രുതകർമ്മ സേനയുടെ ക്യാമ്പായി പ്രവർത്തിക്കുക. ഇവർക്കു വേണ്ട ക്രമീകരണങ്ങൾ നീണ്ടൂർ പഞ്ചായത്ത് ഉറപ്പാക്കും. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ മുൻകരുതലുകളോടെയായിരിക്കും നശീകരണം. സേനാംഗങ്ങൾക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസംകൊണ്ട് നശീകരണം പൂർത്തിയാക്കിയശേഷം സംഘം ഏഴു ദിവസം ക്യാമ്പിൽ ക്വാറന്റൈനിൽ കഴിയും. കോട്ടയം തഹസിൽദാർക്കാണ് നടപടികളുടെ മേൽനോട്ട ചുമതല. താറാവുകളെ നശിപ്പിച്ച മേഖലയിൽ ആരോഗ്യ വകുപ്പ് അണുനശീകരണം നടത്തുകയും നിരീക്ഷണ സംവിധാനം തുടരുകയും ചെയ്യും. പുതുതായി താറാവുകളെ എടുക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ദേശാടന പക്ഷികളെ നിരീക്ഷിക്കും

രോഗം സ്ഥിരീകരിച്ച ഫാമിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ വളർത്തു പക്ഷികളുടെ സാമ്പിളുകൾ മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പരിശോധന നടത്തും.

നീണ്ടൂരിലും സമീപ മേഖലകളിലും ദേശാടന പക്ഷികളെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗത്തെ ചുമതലപ്പെടുത്തി. ദേശാടന പക്ഷികൾ അസ്വാഭാവികമായി ചാകുന്നതായി ശ്രദ്ധയിൽ പെട്ടാൽ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനാണ് നിർദേശം. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലും സമീപ മേഖലകളിലും ജനങ്ങൾ മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആശങ്ക വേണ്ട

 മനുഷ്യരിലേക്ക് പകരുമെങ്കിലും നിലവിൽ ആശങ്കവേണ്ട

 ഭീതിയകറ്റുന്നതിനും പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കും

 രണ്ടു കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ സംവിധാനം


കൺട്രോൾ റൂം തുറന്നു

പക്ഷിപ്പനി സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ കോടിമതയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ- 2564623

'' രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഫാം ഒറ്റപ്പെട്ട മേഖലയിലാണ്. കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്''

-എം. അഞ്ജന, കളക്ടർ