പാലാ : ചക്കാമ്പുഴ - വളക്കാട്ടുകുന്ന് റോഡിൽ മൂന്നുവർഷം മുൻപ് തടിലോറി ഇടിച്ച് തകർന്ന സംരക്ഷണി ഭിത്തി പുനർനിർമ്മിക്കാതെ അധികൃതർ. സംരക്ഷണഭിത്തി തകർത്ത് വെട്ടിക്കകുന്നേൽ മധുവിന്റെ വീട്ടിലേയ്ക്കാണ് ലോറി മറിഞ്ഞത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ നാളിതുവരെയായി റോഡിന്റെ വീതികുറഞ്ഞ ഭാഗങ്ങൾ നന്നാക്കാനോ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കാനോ ഒരു നടപടിയും സ്വീകരിച്ചില്ല. ഗൂഗിൾ മാപ്പ് നോക്കി ദീർഘദൂര യാത്രചെയ്ത് വരുന്ന വാഹനങ്ങൾ എളുപ്പ വഴി നോക്കി രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് വളക്കാട്ടുകുന്ന് വഴിയാണ് പോകുന്നത്. വഴി പരിചയമില്ലാത്ത ഡ്രൈവർമാർക്ക് കുത്തനെയുള്ള കയറ്റത്തിന്റെ പകുതി എത്തിയാൽ മാത്രമേ ബാക്കി ദൂരവും കയറ്റമാണെന്ന് അറിയാൻ കഴിയൂ. ഇതുമൂലം ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ കയറ്റം പകുതി കയറാനാകാതെ പുറകോട്ട് പോന്നാണ് അപകടം സംഭവിക്കുന്നത്.
സൂചനാബോർഡുമില്ല
വലിയ കയറ്റത്തെ സൂചിപ്പിക്കുന്ന സൂചനാ ബോർഡുകൾ ഡ്രൈവർമാർക്ക് കാണത്തക്ക രീതിയിൽ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. പാലാ ഭാഗത്ത് നിന്ന് തടിയുമായി പോകുന്ന ലോറികൾ പരിശോധന ഒഴിവാക്കാണ് ഇതുവഴി പോകുന്നത്. രാമപുരം നാലമ്പല സ്‌കീമിൽപ്പെടുത്തി കെ.എസ്.ടി.പി. മോഡൽ ടാറിംഗ് നടത്തി പണി പൂർത്തീകരിച്ച റോഡാണിനാണീ ദുർഗതി.
ചക്കാമ്പുഴ വളക്കാട്ടുകുന്ന് റോഡിന്റെ അപാകത ഉടൻ പരിഹരിക്കണമെന്ന് പാലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രി ജി. സുധാകരന് നിവേദനം നൽകിയതായി പൗരസമിതി പ്രസിഡന്റ് പി. പോത്തൻ പറഞ്ഞു.