കൂരാലി : രോഗമുക്തനായി ജോജോ ചീരാംകുഴി സത്യപ്രതിജ്ഞ ചെയ്യാനെത്തുന്നതും കാത്തിരുന്ന സഹപ്രവർത്തകരുടെ മുമ്പിലേക്കെത്തിയത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം. ഇതു കാണാനാകാതെ തളർന്നുപോയി സഹപ്രവർത്തകരും നാട്ടുകാരും. എന്നും തങ്ങളോടൊപ്പമുണ്ടാകുമെന്ന് കരുതിയിരുന്ന ജോജോയ്ക്ക് വിട ചൊല്ലാൻ എലിക്കുളത്തെ ജനപ്രതിനിധികളെല്ലാവരുമെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ജോജോ ചീരാംകുഴിയുടെ മൃതദേഹം പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് എത്തിച്ചത്.

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാൽ ജോജോയ്ക്ക് പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. നേരത്തെ കോൺഗ്രസിൽ നിന്ന് പഞ്ചായത്തംഗമായിട്ടുള്ള ജോജോ ഇത്തവണ സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസിലെ സ്ഥാനങ്ങൾ രാജിവച്ച് മുന്നണികൾക്കെതിരെ സ്വതന്ത്രനായി മത്സരിച്ചാണ് 306 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം വിജയവാർത്ത അറിയുന്നത് ആശുപത്രിക്കിടക്കയിലാണ്. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും മറ്റ് അസുഖങ്ങൾ മൂർച്ഛിച്ചതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ആദ്യമെത്തിച്ചത് എലിക്കുളം പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു. ഇവിടെ ഒരുമണിക്കൂർ നേരം പൊതുദർശനത്തിന് വെച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, വൈസ് പ്രസിഡന്റ് സിൽവി വിത്സൺ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രവർത്തകർ എന്നിവരെല്ലാം അന്ത്യാഞ്ജലി അർപ്പിച്ചു. തോമസ് ചാഴികാടൻ എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, വൈസ്പ്രസിഡന്റ് ടി.എസ്.ശരത്, ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാനപ്രസിഡന്റ് സാജൻ തൊടുക തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.