കോട്ടയം : പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നീണ്ടൂരിലെ വീടുകളിൽ സർവേയുമായി ആരോഗ്യ വകുപ്പ്. പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നു കിലോമീറ്റർ ചുറ്റളവിലെ വീടുകളിലാണ് ഓണംതുരുത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അമ്പിളിയുടെ നേതൃത്വത്തിൽ സർവേ നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് നീണ്ടൂർ പഞ്ചായത്തിലെ 14 -ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
450 മുതൽ 500 വീടുകളാണ് പ്രാഥമിക സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വീടുകളിലെ ആളുകളുടെയും രോഗാവസ്ഥ അടക്കം പരിശോധിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി, തൊണ്ടവേദന ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെട്ടവരെ പ്രത്യേക പരിശോധനയ്‌ക്ക് വിധേയരാക്കും.
ഇന്നലെ 124 വീടുകളിലാണ് പരിശോധന നടത്തിയത്. ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. അടുത്ത പത്തു ദിവസം കൂടി സമാന രീതിയിലുള്ള പരിശോധന തുടരാനാണ് തീരുമാനം. ആർക്കെങ്കിലും ഇത്തരത്തിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക നിരീക്ഷണത്തിലാക്കും.
ലക്ഷണങ്ങൾ ഇങ്ങനെ
രണ്ടു ദിവസം പനി
തൊണ്ട വേദന
പരിശോധന ശക്തമാക്കി
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വീടുകളിൽ കയറി രോഗലക്ഷണമുള്ളവരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. പത്തു ദിവസവും സമാന രീതിയിലുള്ള പരിശോധന നടത്തും.
അമ്പിളി,ഹെൽത്ത് ഇൻസ്‌പെക്‌ടർ