കോട്ടയം: പി.സി ജോർജും പി.സി.തോമസും നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ചേക്കും. യു.ഡി.എഫ് ഇതിനു പച്ചക്കൊടി വീശി.
ജോസ് പക്ഷം യു.ഡി.എഫ് വിട്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ ക്ഷീണം സംഭവിച്ചതിനാൽ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. പി.സി ജോർജ് , പി.സി.തോമസ് എന്നിവരെ ഒപ്പം നിറുത്താനുള്ള നീക്കം ഇതോടെയാണ് ശക്തമായത്.
ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗിലെ ചില നേതാക്കളുമായി പ്രാദേശിക തലത്തിൽ പ്രശ്നമുണ്ട്. ജോർജ് മുൻ കൈയെടുത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയതോടെ പ്രശ്നപരിഹാരമുണ്ടാക്കാൻ അദ്ദേഹം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയോട് നിർദ്ദേശിക്കുന്നിടം വരെ കാര്യങ്ങളെത്തി.
പി.സി.തോമസിന്റെ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കാണ് മത്സരിച്ചത്. പൂഞ്ഞാർ മേഖലയിൽ സ്വാധീനമുള്ള പി.സി.തോമസിനെയും യു.ഡി.എഫിലേക്ക് കൊണ്ടു വരാനാണ് നീക്കം .