കോട്ടയം: പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന മാണി സി. കാപ്പനു പിറകേ പി.സി.ജോർജും പി.സി. തോമസും കൂടി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിൽ എത്തുമെന്ന പ്രചാരണം ശക്തമായതോടെ കോൺഗ്രസിലെ സ്ഥാനമോഹികൾ ആശങ്കയിലായി.
കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ കോട്ടയത്ത് ഒഴിവു വന്ന ഏറ്റുമാനൂർ, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിൽ കണ്ണും നട്ട് പല കോൺഗ്രസ് നേതാക്കളും കളത്തിലിറങ്ങിയിരുന്നു . ഉന്നത കോൺഗ്രസ് നേതാക്കൾക്കു പുറമേ സഭാ മേലദ്ധ്യക്ഷന്മാരെയും സമുദായ നേതാക്കളെയും കണ്ട് സമ്മർദ്ദം നടത്തുന്നതിനിടയിലാണ് അഞ്ചിൽ മൂന്നു സീറ്റിലേക്ക് മാണി സി. കാപ്പൻ, പി.സി.ജോർജ്, പി.സി തോമസ് എന്നിവർ വന്നേക്കുമെന്ന പ്രചാരണം. ജോസ് യു.ഡി.എഫ് വിട്ടപ്പോൾ 'ഹിയർ' വിളിച്ച് സ്ഥാനാർത്ഥി കുപ്പായവും തയ്പിച്ചിരുന്ന അര ഡസനിലേറെ കോൺഗ്രസുകാർ നിരാശയിലാണിപ്പോൾ .
പാലാ സീറ്റ് ഉറപ്പാക്കിയിട്ടാണ് ജോസ് കെ. മാണി ഇടതു മുന്നണിക്ക് കൈകൊടുത്തത് . പാലാ കിട്ടിയേ തീരൂ എന്നാവർത്തിക്കുന്ന കാപ്പന് ജോസ് മറുപടി പറയാത്തതും അതുകൊണ്ടാണ്. യു.ഡി.എഫ് പാലാ സീറ്റ് വാഗ്ദാനം ചെയ്തതിനാൽ പാലാ കിട്ടിയില്ലെങ്കിൽ ഇടതുമുന്നണി വിടാൻ കാപ്പനും കരുക്കൾ നീക്കി കാത്തിരിക്കുകയാണ് . നിരവധി കോൺഗ്രസ് നേതാക്കൾ പാലാ സീറ്റ് സ്വപ്നം കണ്ടിരുന്നു. പാലാ കേന്ദ്രീകരിച്ചു തിരഞ്ഞെടുപ്പ് പ്രാരംഭ പ്രവർത്തനം തുടങ്ങിയ നേതാക്കളുമുണ്ട്. സീറ്റ് വിഭജനചർച്ചക്കു മുമ്പേ ഇടത് എം.എൽ.എയായ കാപ്പൻ പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം കോൺഗ്രസ് നേതൃത്വവുമായി ആലോചിക്കാതെ പി.ജെ.ജോസഫ് നടത്തിയതിൽ അസംതൃപ്തരുമാണ് പലരും.
ഐ ഗ്രൂപ്പ് മുൻ കൈയെടുത്ത് പി.സി.ജോർജിനെ യു.ഡി.എഫിലെത്തിക്കാനുള്ള നീക്കം തനിക്കെതിരാണെന്ന് കണ്ട് ആദ്യമേ എതിർപ്പ് പ്രകടിപ്പിച്ച ഉമ്മൻചാണ്ടി , കോട്ടയത്ത് യു.ഡി.എഫ് തകർന്നടിഞ്ഞതോടെ നിലപാട് മയപ്പെടുത്തി. പൂഞ്ഞാറിൽ മകൻ ഷോണിന് സീറ്റ് നേടിയെടുക്കാനുള്ള ശ്രമത്തിനൊപ്പം തനിക്കു മത്സരിക്കാൻ പാലായോ കാഞ്ഞിരപ്പള്ളിയോ കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹവും ജോർജ് പ്രകടിപ്പിച്ചിട്ടുണ്ട്.
ജോർജിനൊപ്പം പി.സി. തോമസിനെയും യു.ഡി.എഫിലെത്തിക്കാനുള്ള നീക്കവും മുറുകി. കിഴക്കൻ മേഖലയിലെ സീറ്റാണ് വാഗ്ദാനം. ജോസ് വിഭാഗം പോയിട്ടും പുറത്തുള്ളവരെ നിയമസഭാ സീറ്റ് നൽകി കൊണ്ടു വരുന്നതിലുള്ള കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാമെന്നാണ് പലരുടെയും പ്രതികരണം തെളിയിക്കുന്നത്.