കോട്ടയം : പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിലെ ഫാമിലെ 2700 താറാവുകളെയും, 300 വളർത്തുപക്ഷികളെയും ദ്രുതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നു. താറാവിനൊപ്പം ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇന്നലെ രാവിലെ എട്ടോടെയാണ് ജില്ലാ കളക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിൽ സംഘം എത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ദ്രുതകർമ്മ സേനാംഗങ്ങൾ താറാവുകളെ പിടികൂടിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് പാടശേഖരത്തിനു നടുവിലായി കുഴിയെടുത്ത ശേഷം താറാവുകളെ ചാക്കുകളിലാക്കി കത്തിക്കുകയായിരുന്നു. 2700 താറാവിൻ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളർത്തു പക്ഷികളെയും ഇതുവരെ ദ്രുതകർമ്മ സേന കൊന്നു.
ദ്രുതകർമ്മ സേനാംഗങ്ങൾ ക്വാറന്റൈനിൽ
പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്ന ദ്രുതകർമ്മ സേനാംഗങ്ങളെ ക്വാറന്റൈനിലാക്കും. പത്തു ദിവസമാണ് ക്വാറന്റൈൻ കാലാവധി. പക്ഷിപ്പനി ബാധിച്ച താറാവുകളുടെ കാഷ്ടമോ മറ്റ് അവശിഷ്ടങ്ങളോ ശരീരത്തിൽപ്പറ്റിയാൽ ഇത് രോഗം ബാധിക്കുന്നതിന് ഇടയാക്കും. ഇവരിലൂടെ മറ്റാർക്കും രോഗം പടരാതിരിക്കാനുള്ള മുൻകരുതലാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.