punnamoodu-junction

തുരുത്തി: അശ്രയ്ക്ക് വലിയ വില നൽകേണ്ടിവരും. അപകടങ്ങൾ പലവട്ടം ആവർത്തിച്ചപ്പോഴും അശ്രദ്ധയും അമിതവേഗവുമായിരുന്നു വില്ലൻ.

അപകടങ്ങൾ പെരുകിയതോടെയാണ് എം.സി റോഡിൽ തുരുത്തി പുന്നമൂട് ജംഗ്ഷനെ റോഡ് സേഫ്റ്റി അതോറിട്ടി ബ്ലാക്ക് സ്‌പോട്ട് ഏരിയയായി പ്രഖ്യാപിച്ചത്. പുതുവർഷ ആരംഭത്തിൽ തന്നെ അപകടവാർത്ത കേട്ടാണ് തുരുത്തി നിവാസികൾ ഉണർന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവമാണ് ഏറ്റവും ഒടുവിൽ നടന്ന അപകടം.

എം സി റോഡിൽ പാലാത്രചിറ മുതൽ ചിങ്ങവനം പുത്തൻപാലം വരെയുള്ള ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനകം നിരവധി പേർക്കാണ് വിവിധ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. തുരുത്തി കാനാ ജംഗ്ഷൻ, പുന്നമൂട് ജംഗ്ഷൻ, തുരുത്തി മിഷ്യൻ പള്ളിക്ക് സമീപം എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്.എം സി റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിൽ എത്തുന്നതും അപകടത്തിന് ഇടയാക്കുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള വേഗ നിയന്ത്രണ സംവിധാനങ്ങൾ യാതൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. തുരുത്തി പുന്നമൂട് ജംഗ്ഷനിൽ വാഹനങ്ങളുടെ തിരക്കുമൂലം റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

എവിടെ സിഗ്‌നൽ ലൈറ്റ്

കാവാലം ഭാഗത്തു നിന്നുള്ള റോഡും, ഇത്തിത്താനം ഭാഗത്ത് നിന്നുള്ള റോഡും സംഗമിക്കുന്ന തുരുത്തി പുന്നമുട് ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.തുരുത്തി അഞ്ചൽ കുറ്റി മുതൽ പാലാത്ര ജംഗ്ഷൻ വരെ അടിയന്തിരമായി വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.