പാലാ : ഒരാഴ്ചയായി പറഞ്ഞ് പറഞ്ഞ് തുരുമ്പെടുത്ത തർക്കം പറിച്ച് കളഞ്ഞ് ചെറിയാൻ ജെ. സ്മാരക സ്റ്റേഡിയ കവാടത്തിന് പുതിയ ഗേറ്റ് സ്ഥാപിച്ച് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര. ചെറിയാൻ ജെ. കാപ്പന്റെ സ്മരണക്കായുള്ള കവാടം സംരക്ഷിക്കും. അതിന്റെ ആദ്യപടിയായാണ് തകർന്ന് കിടന്ന ഗേറ്റ് മാറ്റി പുതിയത് സ്ഥാപിച്ചതെന്ന് ആന്റോ പറഞ്ഞു. അരലക്ഷം രൂപയോളമാണ് ഇതിനായി മുടക്കിയത്. കഴിഞ്ഞ കൗൺസിലിൽ പുതിയ ഗേറ്റ് സ്ഥാപിക്കുന്നതിന് അനുമതി ആയിരുന്നെങ്കിലും നടപ്പാക്കാൻ പറ്റിയിരുന്നില്ല. പുതിയ കൗൺസിൽ ചുമതലയേറ്റ ഉടൻ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപൂർവം വളരെവേഗം പുതിയ ഗേറ്റ് സ്ഥാപിച്ച് ആന്റോ വിവാദങ്ങളുയർത്തിയവരുടെ വാ പൂട്ടുകയായിരുന്നു.
ചെറിയാൻ ജെ. കാപ്പൻ സ്മാരക കവാടത്തിന് മുന്നിൽ ധാരാളം യാത്രക്കാരും പൊതുജനങ്ങളും തങ്ങിയിരുന്നു. ഇവിടെ ബസ് സ്റ്റോപ്പുമായതിനാൽ സദാ ജനത്തിരക്കുമുണ്ട്. ഇതിന്റെ മുൻവശത്ത് സാമൂഹ്യവിരുദ്ധർ പ്രാഥമിക ആവശ്യങ്ങൾ നടത്തിയിരുന്നതിനാൽ അസഹ്യമായ ദുർഗന്ധമായിരുന്നു. അധികാരമേറ്റയുടൻ ഇത് ശ്രദ്ധയിൽപ്പെടുകയും അവിടം സന്ദർശിക്കുകയും ഗേറ്റ് എത്രയും വേഗം തുറന്നിടാൻ നിർദ്ദേശം നൽകുകയുമാണുണ്ടായതെന്ന് ആന്റോ വിശദീകരിച്ചു. സ്റ്റേഡിയത്തിലുള്ള കംഫർട്ട്‌സ്‌റ്റേഷൻ താത്ക്കാലികമായി തുറക്കാനാണ് ആദ്യം നിർദ്ദേശം നൽകിയത്. ഗേറ്റിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഒരു നിവേദനം പോലും നൽകാതിരുന്ന പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചത് പാലായിലെ പൊതുസമൂഹം ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാത്രം ദേശസ്‌നേഹം കാണിക്കുകയും തുടർന്ന് ഉറക്കം നടിക്കുകയും ചെയ്യുന്ന ചില പ്രതിപക്ഷ കക്ഷികളെ ഉണർത്താൻ താൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ എട്ടുകാലി മമ്മൂഞ്ഞാകരുത് - ബിനു
ചെറിയാൻ ജെ. കാപ്പൻ മെമ്മോറിയൽ കവാടത്തിൽ കംഫർട്ട് സ്റ്റേഷന്റെ ബോർഡ് സ്ഥാപിക്കാൻ കൂടിയാലോചനകൾ ഇല്ലാതെ എടുത്ത തീരുമാനം തെറ്റാണെന്ന് കണ്ട് തിരുത്താൻ തയ്യാറായ ചെയർമാൻ ആന്റോ ജോസിന്റെ നടപടി സ്വാഹതാർഹമാണെന്ന് ഭരണപക്ഷ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു. എന്നാൽ പ്രവേശന കവാടത്തിൽ ഇന്നലെ സ്ഥാപിച്ച പുതിയ ഗേറ്റിന്റെ പിതൃത്വം ഏറ്റെടുത്ത് നാട്ടിൽ നടക്കുന്നതിന്റെയെല്ലാം ഉടമസ്ഥാവകാശം ചമയുന്ന എട്ടുകാലിമമ്മൂഞ്ഞായി ചെയർമാൻ മാറരുതെന്നും അദ്ദേഹം പരിഹസിച്ചു. ഗേറ്റ് നിർമ്മാണം നടന്നത് കഴിഞ്ഞ കൗൺസിലിന്റെ കാലയളവിലാണ്. നഗരസഭാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത് അനുസരിച്ചാണ് കരാറുകാരൻ ഇന്നലെ ഗേറ്റ് സ്ഥാപിച്ചത്. ഇക്കാര്യത്തിൽ വീണിടത്ത് കിടന്നുരുളാതെ സ്വാതന്ത്ര്യസമര സേനാനികളെ ബഹുമാനിച്ച് ചെയർമാൻ ഇടതുപക്ഷ മുന്നണിയുടെ ജനകീയ ചെയർമാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.