പൊതുശ്മശാനമില്ല, ശവസംസ്കാരത്തിന് ഇടംതേടി കളപ്പുരയ്ക്കൽ കോളനി നിവാസികൾ

പാലാ: മീനാക്ഷിയമ്മയുടെ ശവദാഹം ഒരു പ്രതീകമാണ്; കൊഴുവനാലിലെ പാവപ്പെട്ട ഹൈന്ദവ സമൂഹത്തിന്റെ അന്ത്യക്കണ്ണീരിന് പഞ്ചായത്ത് അധികൃതരെ ദയവായി ഒരു പരിഹാരം ഉണ്ടാക്കാമോ...?കൊഴുവനാൽ മലയിരുത്തി കളപ്പുരയ്ക്കൽ കോളനിയിലെ കുന്നത്തുതാഴെ മീനാക്ഷിയമ്മയുടെ ഭൗതികദേഹം വീട്ടുമുറ്റത്തെ ചിതയിലെരിഞ്ഞത് വലിയൊരു ജനസമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങളുടെ പുകച്ചുരുളുകൾ ഉയർത്തിയാണ്.
നിന്നുതിരിയാൻ ഇടമില്ലാത്ത കോളനിയിൽ ഹൈന്ദവ ജനവിഭാഗത്തിന് ശവസംസ്‌കാരം ഇന്ന് വലിയൊരു മനോവേദനയുണ്ടാക്കുന്ന വെല്ലുവിളിയാണ്. ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തൊരു അന്ത്യയാത്ര.ആകപ്പാടെ രണ്ടോ മൂന്നോ സെന്റ് മാത്രം സ്വന്തമായുള്ള ഇവർക്ക് വീട്ടിലൊരാൾ മരിച്ചാൽ നടവാതിൽക്കലോ, അടുക്കളവാതിൽക്കലോ അടക്കം ചെയ്യേണ്ട ഗതികേട്. ഹൈന്ദവ വിശ്വാസമനുസരിച്ച് വീടിന്റെ തെക്കുവശത്താണ് ശവസംസ്‌കാരം നടത്തേണ്ടത്. എന്നാൽ കളപ്പുരയ്ക്കൽ കോളനിയുൾപ്പെടെയുള്ള കോളനികളിൽ സ്ഥലപരിമിതി മൂലം ഇന്ന് വീട്ടുമുറ്റത്തു തന്നെ ശവദാഹം നടത്തേണ്ട അവസ്ഥയാണുള്ളത്.
അറയ്ക്കൽകോളനി, പന്നിയാമറ്റംകോളനി, മൂലേത്തുണ്ടികോളനി എന്നിവിടങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. തികച്ചും നിർധനരായ ഹൈന്ദവ കുടുംബ ങ്ങളാണ് ഇവിടങ്ങളിൽ താമസിക്കുന്നത്.
അവസ്ഥയിതാണെങ്കിലും ഒരു പൊതുശ്മശാനമെന്ന തീരുമാനത്തിന് ഇതേവരെയുള്ള കൊഴുവനാൽ പഞ്ചായത്ത് ഭരണാധികാരികളാരും ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം.
കുന്നത്താഴെ മീനാക്ഷിയമ്മയുടെ മരണം പഞ്ചായത്ത് ഭരണാധികാരികൾക്കുള്ള ഒരു ഓർമ്മപ്പെടുത്തലായി ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രദേശത്തെ വാട്‌സപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരായ റെസിലിൻകോച്ച് ബിജുമേവിട, സി. സുനിൽ, സാബു വെള്ളാപ്പള്ളിൽ, ജയിംസ്‌ജോസഫ്, ജസ്റ്റിൻ ജെ, ബിനോയി പറപ്പള്ളിൽ, ജയിസൺ വടക്കേൽ,ജോമോൻ മുണ്ടുപ്ലാക്കൽ, യു.സി. സുധി എന്നിവരാണ് രംഗത്തുവന്നിരിക്കുകയാണ്. പൊതുശ്മശാനം എന്ന ജനകീയ ആവശ്യത്തിന് പിന്തുണതേടി കാമ്പയിനും വാട്‌സപ്പ് ഗ്രൂപ്പ് തുടക്കമിട്ടിട്ടുണ്ട്.

വിഷയം ചർച്ച ചെയ്യും
ഗൗരവതരമായ ഒരു വിഷയമാണ്. ഇക്കാര്യം പ്രഥമ പഞ്ചായത്ത് കമ്മറ്റിയുടെ അജണ്ടയിൽ കൊണ്ടുവന്ന് ചർച്ച ചെയ്യും. ഒപ്പം അനുയോജ്യമായ സ്ഥലം കണ്ടെത്തി പൊതുശ്മശാനം സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കും.

നിമ്മി ട്വിങ്കിൾ രാജ്, പ്രസിഡന്റ്

കൊഴുവനാൽ ഗ്രാമപഞ്ചായത്ത്