omana

കുമരകം : പക്ഷിപ്പനി കർഷകരുടെ മാത്രമല്ല കച്ചവടക്കാരുടെയും ചിറകൊടിച്ചിരിക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് - കോഴി വില്പനശാലകളുടെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. കോട്ടയം കുമരകം റോഡിൽ വായനശാല കവല മുതൽ വെച്ചൂർ വരെയുള്ള താറാവ് വില്പനശാലകൾ ആളൊഴിഞ്ഞ അവസ്ഥയിലാണ്. കർഷകരിൽ ഏറെയും ക്രിസ്തുമസ് ന്യൂ ഇയർ വിപണി ലക്ഷ്യമാക്കിയാണ് താറാവ് കൃഷി നടത്തുന്നത്. ഈ സീസണിലേക്കായി കൂടുതൽ താറവുകളെ കച്ചവടക്കാർ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ല. ഇതോടെ വില്പനശാലകളിൽ നൂറുകണക്കിന് താറാവുകളെയാണ് ദിവസവും തീറ്റ കൊടുത്ത് സംരക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരൊറ്റ താറാവിനെ പോലും വിൽക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കുമരകം രണ്ടാം കലുങ്കിന് സമീപം താറാവ് കച്ചവടം നടത്തുന്ന കുമരകം അട്ടിപ്പീടിക പുത്തൻപുരയിൽ രാജന്റെ ഭാര്യ ഓമന പറഞ്ഞു. ക്രിസ്തുമസ് പ്രമാണിച്ച് രണ്ടായിരത്തോളം താറാവുകളെ വാങ്ങിയെങ്കിലും പകുതിയോളം താറാവുകളെയും വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇവർ പറയുന്നു. ഭർത്താവ് രാജൻ രോഗിയായതിനെ തുടർന്ന് ഓമന കച്ചവടം ഏറ്റെടുക്കുകയായിരുന്നു. മൂന്ന് മൂല കവലക്ക് സമീപം കച്ചവടം നടത്തുന്ന വാണിയപുരക്കൽ അജിത്തിനും പറയാനുള്ളത് സമാനമായ അനുഭവകഥകൾ. 2014 ലിലും 2016 ലുമുണ്ടായ പക്ഷിപനിയെ തുടർന്ന് അജിത്തിന് വൻ നഷ്ടം സംഭവിച്ചിരുന്നു.

താറാവ് കറി വേണ്ടേ വേണ്ട

കുമരകത്ത് എത്തുന്ന സഞ്ചാരികളുടെ മനസും വയറും ഒരുപോലെ നിറയ്ക്കുന്നതായിരുന്നു ഷാപ്പുകളിൽ നിന്നും ലഭിക്കുന്ന താറാവ് വിഭവങ്ങൾ.എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി താറാവ് വിഭവങ്ങൾ വാങ്ങാൻ ആരും കൂട്ടാക്കുന്നില്ലെന്ന് കുമരകത്തെ വായലോരം ഷാപ്പ് മാനേജർ പ്രദീപ് പറയുന്നു.