പൊൻകുന്നം: മിനിസിവിൽ സ്റ്റേഷനിലെത്തിയ രണ്ട് യുവാക്കൾ 45 മിനിട്ടോളം ലി്ര്രഫിൽ കുടുങ്ങി. പിന്നീട് പൊലീസും ഫയർഫോഴ്‌സുമെത്തി ഇവരെ പുറത്തിറക്കി.
ചാമംപതാൽ അമ്പാട്ടുതോട്ടുങ്കൽ ജിബിൻ ജോൺ(18), ചാമംപതാൽ കന്നുപറമ്പിൽ കെ.എസ്.ആസിഫ്(18) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് ലി്ര്രഫിൽ കുടുങ്ങിയത്. ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ സബ്ട്രഷറിയിൽ ചെലാൻ അടയ്ക്കാനെത്തിയതായിരുന്നു ഇരുവരും. ഒന്നാം നിലയിലെത്തുന്നതിന് മുൻപ് വൈദ്യുതി നിലച്ച് ലിഫ്റ്റ് പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് ഇരുവരും പൊൻകുന്നം പൊലീസിൽ വിളിച്ച് സഹായം തേടി. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഉടൻതന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ഇവിടെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാണ്. രണ്ടുമാസം മുൻപ് സബ് രജിസ്ട്രാർ ഓഫീസിലേക്കെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ ലിഫ്റ്റ് പ്രവർത്തനരഹിതമാകില്ല. എന്നാൽ മാസങ്ങളായി ജനറേറ്റർ ഉപയോഗിക്കുന്നില്ല. പ്രവർത്തിപ്പിക്കാൻ ആളുമില്ല.
മിനിസിവിൽ സ്റ്റേഷനിലെ എസ്റ്റേറ്റ് കമ്മിറ്റി പ്രവർത്തിക്കാത്തതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പൊതുആവശ്യങ്ങൾ ക്രമീകരിക്കേണ്ടത് ഈ കമ്മിറ്റിയാണ്. വിവിധ ഓഫീസുകളുടെ തലവന്മാരുൾപ്പെടുന്ന കമ്മിറ്റിയുണ്ടെങ്കിലും അത് യഥാസമയം ചേർന്ന് പ്രവർത്തനങ്ങൾ നടത്താറില്ല.