road


കട്ടപ്പന: വെള്ളയാംകുടിവെട്ടിക്കുഴക്കവല ബൈപാസ് റോഡ് നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് നാട്ടുകാർ വീണ്ടും രംഗത്തെത്തി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ വീണ്ടും നന്നാക്കിയെങ്കിലും നിലവാരം കുറവാണെന്നാണ് ആരോപണം. നിർമാണം നടത്തിയ ആദ്യദിനം തന്നെ ടാറിംഗ് പൊളിഞ്ഞതോടെ നാട്ടുകാരും ജനപ്രതിനിധികളും ശനിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും അറ്റകുറ്റപ്പണി നടത്തിയിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് ആരോപിച്ചാണ് ഇന്നലെയും നാട്ടുകാർ പ്രതിഷേധിച്ചത്. അതേസമയം ടാറിംഗിൽ പിഴവുണ്ടായതായി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരും സമ്മതിച്ചിട്ടുണ്ട്.
800 മീറ്റർ ദൂരമുള്ള ബൈപാസ് റോഡിന്റെ നിർമാണത്തിനായി 25 ലക്ഷം രൂപയാണ് പി.ഡബ്ല്യു.ഡി. ചെലവഴിച്ചത്. എന്നാൽ കരാറുകാരൻ യാതൊരു ആസൂത്രണവുമില്ലാതെ നിർമാണം നടത്തിയെന്നാണ് ആക്ഷേപം. ടാറിംഗ് കഴിഞ്ഞ ആദ്യദിനം തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. വാർഡ് കൗൺസിലർമാരും പൊലീസും ഇടപെട്ട ശേഷമാണ് പൊട്ടിപ്പൊളിഞ്ഞ ഭാഗം നന്നാക്കാൻ കരാറുകാരൻ തയാറായത്. എന്നാൽ ദിവസങ്ങൾക്കുശേഷം റോഡിന്റെ പല ഭാഗങ്ങളും സമാനമായ നിലയിലാണ്.
പരാതികളെ തുടർന്ന് കഴിഞ്ഞദിവസം പി.ഡബ്ല്യു.ഡി. ഉന്നത ഉദ്യോഗസ്ഥർ റോഡ് സന്ദർശിച്ചിരുന്നു. റോഡ് വീണ്ടും ടാർ ചെയ്യണമെന്നാണ് നാട്ടുകാരും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നത്. കൂടാതെ റോഡിനിരുവശവും ഐറിഷ് ഓടകൾ നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഓടകൾ നിർമിച്ചില്ലെങ്കിൽ റോഡ് പഴയപടിയാകും. മഴക്കാലത്ത് പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. അതേസമയം ടാർ മിക്‌സിംഗ് പ്ലാന്റിന്റെ തകരാറാണ് ടാറിംഗിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമെന്ന് കട്ടപ്പന പി.ഡബ്ല്യു.ഡി. ഷാരോൺ ആർ പറഞ്ഞു.