mm-mani
എൽഡിഎഫ് ജനപ്രതിനിധികൾക്കൊരുക്കിയ സ്വീകരണയോഗത്തിൽ മന്ത്രി എംഎം മണി സംസാരിക്കുന്നു

അടിമാലി: എൽ. ഡി. എഫിന് ആത്മവിശ്വാസത്തോടെ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാനുള്ള അവസരമാണ് തദ്ദേശതിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നൽകിയതെന്ന് മന്ത്രി എം.എം മണി.അടിമാലിയിൽ എൽഡിഎഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രഖ്യാപിച്ച അറുന്നൂറിലധികം കർമ്മപദ്ധതികൾ ഇതിനോടകം സർക്കാർ നടപ്പിലാക്കി കഴിഞ്ഞു.ശേഷിക്കുന്നവയും പൂർത്തീകരിക്കും.കൊവിഡിനെ ഫലപ്രദമായി ചെറുത്ത സർക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരെന്നും എംഎം മണി പറഞ്ഞു.അടിമാലി ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ച എൽഡിഎഫ് ജനപ്രതിനിധികൾക്കായിരുന്നു അടിമാലി സെന്റർ ജംഗ്ഷനിൽ സ്വീകരണമൊരുക്കിയത്.കെ .എം. ഷാജി അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ എസ് രാജേന്ദ്രൻ എം. എൽ. എ ,സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി .എ. ഏലിയാസ്, സി.പി.എം ജില്ലാ സെക്രട്ടറി കെ .കെ. ജയചന്ദ്രൻ,വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.