paddy

കോട്ടയം: തരിശുനിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ നെൽകർഷകർ ദുരിതത്തിൽ. ചെകുത്താനും കടലിനും നടുക്ക് നിൽക്കുന്ന അവസ്ഥയിലാണ് അവർ. പുതിയ കൃഷിക്ക് വിത്തെറിഞ്ഞപ്പോൾ ഭീഷണിയായി പക്ഷികൾ കൂട്ടത്തോടെയെത്തി. പാടത്ത് പുളിരസം വർദ്ധിച്ചതോടെ നെൽച്ചെടികൾ കരിഞ്ഞുതുടങ്ങി.
വിത്ത് വിതച്ച് കഴിഞ്ഞാൽ പിന്നെ പാടത്തു വിദേശ കൊക്കുകൾ അടക്കമുളള പക്ഷിക്കൂട്ടങ്ങൾ നൂറുകണക്കിനാണ് പറന്നിറങ്ങുന്നത്. നിമിഷനേരം കൊണ്ടു വിതച്ച നെൽ വിത്തുകൾ അപ്പാടെ തിന്നു തീർക്കും. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പറന്നിറങ്ങുന്ന പക്ഷികളെ തുരുത്താൻ കർഷകർ ആവുന്ന പണി നോക്കിയാലും രക്ഷയില്ല.പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും മടുത്തു. എങ്ങനെയെങ്കിലും ഓടിച്ചാലും പക്ഷികൾ പറന്നിറങ്ങുന്നത് അടുത്ത പാടത്തേയ്ക്കായിരിക്കും. പാട്ടക്കൊട്ട് നിർത്തിയാലുടൻ വീണ്ടും പക്ഷികൾ മടങ്ങിയെത്തി അവശേഷിക്കുന്ന നെൽവിത്തുകളും അകത്താക്കും. ഇക്കുറി പ്രാവിൻകൂട്ടവും കൂടുതലായി എത്തിയിട്ടുണ്ട്.

പല പാടങ്ങളിലും നെല്ലു കിളിർക്കാതെ വരികയും പകരം കളകൾ കിളർത്തുവരികയും ചെയ്തതോടെ നഷ്ടം സഹിച്ച് വീണ്ടും നിലമൊരുക്കി രണ്ടാമതും വിതയ്ക്കാനൊരുങ്ങുകയാണ് കർഷകർ. വിത്തിന്റെ ക്ഷാമവും വിലയും കർഷകർക്ക് വിലങ്ങു തടിയാവുന്നുണ്ട്.

മൂന്നുവർഷത്തേക്ക് പാട്ടത്തിനെടുത്ത പാടത്ത് ആദ്യത്തെ രണ്ടു തവണയും പ്രളയത്തെത്തുടർന്ന് വലിയ കൃഷിനാശം വന്നിരുന്നു. അവസാന വർഷത്തിലെങ്കിലും മുടക്കുമുതൽ പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർക്കാണ് ഇത്തരത്തിൽ വീണ്ടും കനത്ത നഷ്ടം സംഭവിക്കുന്നത്. പക്ഷികളുടെ ശല്യം മൂലം പാടത്ത് പലയിടങ്ങളിലും നെല്ലിന് പകരം കളകൾ കയറി വളരുകയാണ്. കളനാശിനി അടിച്ചാണ് ഇവ നശിപ്പിക്കുന്നത്.

പാടത്തെ പുളിരസം മൂലം നെൽച്ചെടികൾ വള‌ർന്നു പൊങ്ങാതെ കരിഞ്ഞ് നില്ക്കുകയാണ്.