കോട്ടയം: അലംഭാവത്തിന്റെ അങ്ങേയറ്റത്താണ് ജില്ലയിലെ പഞ്ചായത്തുകൾ. രണ്ടരവർഷം കിട്ടിയിട്ടും നന്നായി ഉഴപ്പിയപ്പോൾ സാധാരണക്കാർക്ക് പ്രയോജനപ്പെടേണ്ട കോടികളാണ് നഷ്ടപ്പെടാൻ പോകുന്നത്. ഇനി ആകെയുള്ളത് 23 ദിവസം. ചെലഴിക്കേണ്ടത് 14.8 കോടി രൂപ. അല്ലെങ്കിൽ അടപടലേ ലാപ്സാകും.
പഞ്ചായത്തുകൾക്ക് മാലിന്യ നിർമാർജനത്തിനും ശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോകബാങ്ക് സഹായത്തോടെ ലഭ്യമാക്കിയ ഇൻസെന്റീവ് ഗ്രാന്റാണ് ചെലവഴിക്കാതെ കിടക്കുന്നത്. ചില പുതിയ പഞ്ചായത്ത് പ്രസിഡന്റുമാർ ഫണ്ടിനെപ്പറ്റി അറിഞ്ഞിട്ടുപോലുമില്ല. ജില്ലയിലെ 71 പഞ്ചായത്തുകൾക്കായി 19.8 കോടിരൂപയാണ് ലഭ്യമാക്കിയത്. 2018 ഏപ്രിലിൽത്തന്നെ ഓരോ പഞ്ചായത്തിന്റെയും അക്കൗണ്ടിൽ നിശ്ചിത തുകവീതം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും ആകെ ചെലവഴിക്കപ്പെട്ടത് 5 കോടി രൂപ മാത്രം. ബാക്കിയുള്ളവയ്ക്ക് പദ്ധതികൾ സമർപ്പിക്കാനോ അതു പൂർത്തിയാക്കാനോ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകൾക്കും കഴിഞ്ഞിട്ടില്ല.
ഈ മാസം 31നകം പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ കൈയിൽക്കിട്ടിയ ഫണ്ടും കൈവിട്ടുപോകും.
പഞ്ചായത്തുകളിൽ പുതുതായി ചുമതലയേറ്റ പ്രസിഡന്റുമാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ശുചിത്വ മിഷൻ ബന്ധപ്പെട്ടിട്ടുണ്ട്. നിലവിൽ തുക വകയിരുത്തി ഏറ്റെടുത്ത പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുകയും ബാക്കി വരുന്ന തുകയ്ക്ക് ശൗചാലയ നിർമാണം, അറ്റകുറ്റപ്പണി എന്നിങ്ങനെ എളുപ്പത്തിൽ തീർക്കാവുന്ന പദ്ധതികളേറ്റെടുത്ത് കാലാവധിക്ക് മുൻപു പൂർത്തിയാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതികൾ മുൻഗണന നൽകണമെന്നാണ് പ്രധാന നിർദേശം
ലഭ്യമാക്കിയത് 19.8 കോടി
ചെലഴിച്ചത് 5 കോടി രൂപ
'' പണം ചെലഴവിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളെ ഓർമപ്പെടുത്തുന്നുണ്ട്. പദ്ധതികൾ തയ്യാറാക്കി വരികയാണെന്നാണ് അറിയിച്ചിട്ടുള്ളത്. പരമാവധി ചെലഴിക്കുമെന്ന് പ്രതീക്ഷയുണ്ട്''
- ഫിലിപ്പ് ജോസഫ്, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ