വൈക്കം : ശക്തമായ വേലിയേറ്റത്തിൽ വൈക്കത്തിന്റെ പടിഞ്ഞാറൻമേഖലകളിൽ ഓരുവെള്ളം കയറി വീടുകളും നിരത്തുകളും മുങ്ങുന്നത് തടയാൻ കായൽ പുഴയോരങ്ങളിൽ ഉയരത്തിൽ സംരക്ഷണഭിത്തി തീർക്കണമെന്ന ആവശ്യം ശക്തമായി. കായലിൽ ജലനിരപ്പുയർന്നിട്ടും സംരക്ഷണ ഭിത്തിയുള്ള വൈക്കം ബോട്ടുജെട്ടി പരിസരത്തും സമീപ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടില്ല. വരും വർഷങ്ങളിലും ഓരു ജല ഭീഷണി ഉണ്ടാകുമെന്നതിനാൽ കായൽ പുഴയോര മേഖലകളിൽ വേലിയേറ്റത്തെ ചെറുക്കാൻ സംരക്ഷണ ഭിത്തി തീർക്കേണ്ടത് അനിവാര്യമാണ്.
കായൽ പുഴയോരങ്ങളിലും നാട്ടുതോടുകളുടെ സമീപത്തെയും വീടുകളിലും നിരത്തിലും ഒന്നരയടി ഉയരത്തിലാണ് വെള്ളം നിറയുന്നത്. ചില ഭാഗങ്ങളിൽ വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങളിലൂടെ പ്രദേശവാസികൾ വള്ളത്തിലാണ് സഞ്ചരിക്കുന്നത്. കടലിൽ ജലനിരപ്പുയർന്നതും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചതുമാണ് വെള്ളം കയറാനിടയാക്കിയതെന്ന് കായലോര വാസികൾ പറയുന്നു.
കൃഷിയും നശിക്കുന്നു
ഒരാഴ്ചയിലധികമായി ഓരു വെള്ളം കയറി ഇറങ്ങുന്നതിനാൽ ഉയരുന്നതിനാൽ ഏത്തവാഴ, കപ്പ, പച്ചക്കറി എന്നിവ പൂർണ്ണമായും നശിച്ചു. വീടുകളിലെ കക്കൂസുകളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ വീടും പരിസരവും മലിനമായിരിക്കുകയാണ്. തൊഴിലാളികൾക്ക് രാവിലെ പണിക്കുപോകണമെങ്കിൽ വെള്ളം ഇറങ്ങുന്നത് വരെ കാത്തിരിക്കണം. കായലിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികൾക്കും വേലിയേറ്റം പ്രതിസന്ധിയുണ്ടാക്കുകയാണ്.
സാംക്രമിക രോഗ ഭീതിയിൽ
കക്കൂസ് മാലിന്യം കലർന്ന വെള്ളം വ്യാപിച്ചതിനാൽ സാംക്രമിക രോഗം പടർന്നു പിടിക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. വെള്ളം ഇറങ്ങിക്കഴിയുമ്പോൾ നിരത്തുകളടക്കം പ്രദേശമാകെ ചെളിക്കുളമാകുകയാണ്. മലിനീകരണം മൂലണ്ടാകുന്ന രോഗ ഭീഷണി കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.