കട്ടപ്പന: കൊവിഡ് പ്രതിസന്ധികൾക്കിടെ ഏലയ്ക്കയുടെ വലിയ സീസൺ അവസാനിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഏലയ്ക്കായ്ക്ക് മെച്ചപ്പെട്ട വില തുടരുന്നത് കർഷകർക്ക് ആശ്വാസകരമാണ്. വലിയ വിളവെടുപ്പ് കാലമാണ് അവസാനിച്ചത്. ഇനിയുള്ള മാസങ്ങളിൽ ചെറിതോതിലുള്ള വിളവെടുപ്പ് നടക്കുമെങ്കിലും സീസണിനെ അപേക്ഷിച്ച് നാലിലൊന്ന് വിളവ് മാത്രമേ ലഭിക്കൂ. ജൂൺ-ജൂലായ് മാസങ്ങളിലാണ് അടുത്ത സീസൺ ആരംഭിക്കുന്നത്. ഇതുവരെയുള്ള കാലയളവിൽ തോട്ടങ്ങളിലും പുരയിടങ്ങളിലും കവാത്ത്, കീടനാശിനി തളിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നടക്കും. തമിഴ് തൊഴിലാളികൾ എത്തുന്നതിനാൽ ജോലികൾ മുടങ്ങില്ല. എന്നാൽ വിളവെടുപ്പ് സമയത്ത് ജോലി ചെയ്തിരുന്ന അത്രയും തൊഴിലാളികൾ ഇനി ആവശ്യമില്ല.
ഇനിയുള്ള മാസങ്ങളിൽ ഏലത്തോട്ടങ്ങളിൽ കവാത്ത് (ചെടി ഒരുക്കൽ), വളമിടീൽ, കീടനാശിനി തളിക്കൽ, ചുവടിളക്കൽ, മണ്ണിടീൽ ജോലികളാണ് നടക്കുന്നത്. പകൽച്ചൂട് വർദ്ധിക്കുന്നതോടെ ജലസേചനവും തകൃതിയായി നടക്കും. എന്നാൽ ഇടവിട്ട് മഴ ലഭിക്കുന്നത് കർഷകർക്ക് ആശ്വാസകരമാണ്. ജലസേചനത്തിനു മുന്നോടിയായി ചുവടിളക്കൽ, മണ്ണിടീൽ ജോലികൾ നടക്കും. വേനൽരൂക്ഷമായാൽ നെറ്റ് കെട്ടി ഏലച്ചെടികൾക്ക് തണലൊരുക്കും. മുൻ വർഷങ്ങളിലും ഇതേസമയത്ത് നെറ്റ് വലിച്ചുകെട്ടി ചെടികൾ സംരക്ഷിച്ചിരുന്നു. ഒരു ഏക്കർ സ്ഥലത്ത് നെറ്റ് ഉപയോഗിച്ച് തണലൊരുക്കാൻ 60,000 രൂപയോളം ചെലവാകും. 50 മീറ്റർ നീളമുള്ള ഒരു റോൾ നെറ്റിന് 1800 രൂപ വരെയാണ് വില.
ചാഞ്ചാട്ടം
തുടരുന്നു
അതേസമയം ഏലയ്ക്ക വിലയിൽ മാസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്. രണ്ടാഴ്ചയ്ക്കിടെ 150 രൂപയുടെ കുറവുണ്ടായെങ്കിലും കിലോഗ്രാമിന് ശരാശരി 1550 രൂപ കർഷകർക്ക് ലഭിക്കുന്നുണ്ട്. ലോക്ക്ഡൗൺ കഴിഞ്ഞ് ഇ-ലേലം പുനരാരംഭിച്ചശേഷവും വിലയിൽ ചാഞ്ചാട്ടം തുടർന്നിരുന്നു. മുമ്പ് 1300 നും 1500 നുമിടയിലായിരുന്ന വില നവംബർ അവസാനത്തോടെയാണ് ഉയർന്നുതുടങ്ങിയത്. ഡിസംബർ അവസാന ആഴ്ചയിൽ ഇലേലത്തിൽ ശരാശരി വില 1850 രൂപയിലെത്തിയിരുന്നു. ഇപ്പോൾ ശരാശരി 1600 രൂപയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഉത്പാദനവും കൂടുതലാണ്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര വിപണികളിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് വില ഉയരാത്തതിന്റെ പ്രധാന കാരണം.
കവാത്ത്
ഏലച്ചെടികൾ നന്നായി വളരാനും കൂടുതൽ വിളവ് ലഭിക്കാനും നടത്തുന്ന ചെടി ഒരുക്കലാണിത്. സീസൺ അവസാനിക്കുമ്പോൾ ഏലച്ചെടിയുടെ ഉണങ്ങിയ തണ്ടുകളും ഇലകളും കോയിക്കളയും. ചെടിയ്ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാനും രോഗ-കീട ബാധ തടയാനുമാണിത്.