rubber

പാലാ: മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയ്ക്കു കീഴിലെ ഫാക്ടറികൾ പ്രവർത്തിച്ചുതുടങ്ങുമോ...? ആർക്കും ഉത്തരം നൽകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
മാണി സി. കാപ്പൻ എം.എൽ.എയുടെ ഇടപെടലിൽ പുതിയ കൺസോർഷ്യം രൂപീകരിച്ച് ഫാക്ടറി തുറക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങിവച്ചെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഫാക്ടറിയുടെ തുറക്കലും വൈകിപ്പിക്കുകയാണ്.
ഫാക്ടറി തുറക്കുന്ന കാര്യത്തിൽ ഇടതുമുന്നണിസർക്കാർ ആദ്യഘട്ടത്തിൽ കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നു. അഡ്വ. ജോർജ് സി. കാപ്പൻ, വി.ജി. വിജയകുമാർ, എം.എം. തോമസ് എന്നിവരുൾപ്പെട്ട സമിതിക്ക് ഫാക്ടറിയുടെ ചുമതല നൽകുകയും ചെയ്തു. എന്നാൽ നിലവിൽ സർക്കാർ തലത്തിൽ യാതൊരു സഹായവും കിട്ടുന്നില്ലെന്നും നടപടികൾ സാവധാനത്തിലാണെന്നും ആക്ഷേപമുണ്ട്.
മുൻ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം 70 കോടി രൂപ ബാദ്ധ്യത വന്നതോടെയാണ് മീനച്ചിൽ റബർ ഫാക്ടറി പൂട്ടേണ്ടി വന്നത്. ഇതോടെ റബർപാലും മറ്റും നൽകിയ കർഷകരും നിക്ഷേപം നടത്തിയവരും ആശങ്കയിലായി. 27 കോടി രൂപയായിരുന്നു നിക്ഷേപം.
കർഷകരും നിക്ഷേപകരും നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പിലും ഈ വിഷയം ഉയർന്നുവന്നു. മാണി സി. കാപ്പൻ ജയിച്ചതോടെ കർഷകരുടെ പ്രശ്‌നം നിയമസഭയിലുമെത്തി. തുടർന്ന് സർക്കാർ തലത്തിൽ നടന്ന ചർച്ചയെ തുടർന്ന് സൊസൈറ്റിയെ രക്ഷിക്കുന്നതിനായി എം.എൽ.എയുടെ നിർദ്ദേശപ്രകാരം കൺസോർഷ്യം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ നിന്നും സ്വരൂപിച്ച 3 കോടി രൂപയായിരുന്നു മൂലധനം.

പ്രതീക്ഷ നൽകി കൺസോർഷ്യം
സർജിക്കൽ ഗ്ലൗസ്, ഡിസ്‌പോസിബിൾ സിറിഞ്ച് തുടങ്ങിയവ ഫാക്ടറികളിൽ നിർമ്മിച്ച് മീനച്ചിൽ സൊസൈറ്റിയെ ലാഭത്തിലാക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൺസോർഷ്യത്തിലൂടെ കഴിയുമെന്ന് കരുതിയിരുന്നു. കൂടല്ലൂർ, കരൂർ ഫാക്ടറികൾ ഉടൻ തുറക്കാനുള്ള നീക്കങ്ങളുമുണ്ടായി. ഇതോടെ അറുപതോളം കുടുംബങ്ങളിൽ നാമ്പിട്ട പ്രതീക്ഷയാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്.

 നിക്ഷേപം 27 കോടി രൂപ

 ബാദ്ധ്യത 70 കോടി രൂപ

'നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഫാക്ടറി തുറക്കൽ വൈകിപ്പിക്കുകയാണ്. റബർ കർഷകരെയും തൊഴിലാളികളെയും ആത്മഹത്യയിലേക്ക് തള്ളിവിടാതെ എത്രയും വേഗം ഫാക്ടറി തുറക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം'.

ഏഴാച്ചേരി ജോമോൻ , തൊഴിലാളി സംഘടനാ നേതാവ്